ശബരിമല സ്ത്രീ പ്രവേശനം: കേരളമാകെ പ്രതിഷേധ തരംഗം

വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ കേരളമൊട്ടാകെ വിശ്വാസികള്‍ റോഡുകള്‍ ഉപരോധിക്കുകയാണ്.  

Updated: Oct 10, 2018, 12:02 PM IST
ശബരിമല സ്ത്രീ പ്രവേശനം: കേരളമാകെ പ്രതിഷേധ തരംഗം
Representational image

കൊച്ചി: ശബരിമല യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ കേരളമാകെ പ്രതിഷേധം തുടരുന്നു. വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ കേരളമൊട്ടാകെ വിശ്വാസികള്‍ റോഡുകള്‍ ഉപരോധിക്കുകയാണ്. 

ശബരിമല യുവതി പ്രവേശന വിധി പുന:പരിശോധിക്കാൻ സർക്കാരും ദേവസ്വം ബോർഡും റിവ്യൂ ഹർജി നൽകുക, വിധി അസ്ഥിരപ്പെടുത്താൻ നിയമനിർമ്മാണം നടത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ശബരിമല കർമ്മ സമതിയുടെ നേത്യത്വത്തിലാണ് സമരം.

രാവിലെ 11 മണി മുതൽ 12 വരെ കോട്ടയം ജില്ലയിലെ അഞ്ച് താലൂക്ക് കേന്ദ്രങ്ങളിൽ റോഡ് ഉപരോധിക്കുന്നു. തിരുനക്കര ഗാന്ധി സ്വകയര്‍, മീനച്ചിൽ താലൂക്കിൽ കൊട്ടാരമറ്റം ജംഗ്ഷൻ, വൈക്കം വലിയ കവല, ചങ്ങനാശ്ശേരി ട്രാഫിക്ക് ജംഗ്ഷൻ, കാഞ്ഞിരപ്പള്ളി താലൂക്കിൽ പൊൻകുന്നം ടൗൺ തുടങ്ങിയ സ്ഥലങ്ങളിലാണ് റോഡ് ഉപരോധിക്കുന്നത്. 

മൂവാറ്റുപുഴയില്‍ ദേശീയ സംസ്ഥാന പാതകൾ ഉപരോധിച്ചാണ് റാലി നടക്കുന്നത്. വിവിധ ഹിന്ദു സംഘടനയുടെ നേതൃത്വത്തിൽ കോഴിക്കോട് നഗരത്തിൽ പ്രകടനം നടക്കുകയാണ്. എറണാകുളത്ത് വൈറ്റില, കലൂര്‍ ഉള്‍പ്പെടെ ജില്ലയിലെ 14 കേന്ദ്രങ്ങളില്‍ ഇന്ന് റാലി നടത്തുമെന്നാണ് ശബരിമല കർമ്മ സമതി അറിയിച്ചത്. 

ഇതിനിടയില്‍ എന്‍.ഡി.എ. നടത്തുന്ന ശബരിമല സംരക്ഷണയാത്ര പുറപ്പെട്ടു. 15-ന് സെക്രട്ടേറിയറ്റ് നടയിലാണ് സമാപനം. രാവിലെ 10 മണിക്ക് പന്തളം മണികണ്ഠനാല്‍ത്തറയില്‍നിന്ന് ആരംഭിച്ച യാത്ര ആദ്യദിവസം അടൂരില്‍ സമാപിക്കും. 

11 ന് നൂറനാട് പടനിലത്തുനിന്ന് പുറപ്പെടും. കായംകുളത്ത് സമാപിക്കും. 12 ന് ചവറയില്‍നിന്ന് തുടങ്ങി കൊല്ലത്ത് സമാപിക്കും. 13 ന് കൊല്ലത്തുനിന്ന് കൊട്ടിയത്തേക്കാണ് യാത്ര. 14 ന് ആറ്റിങ്ങലില്‍നിന്ന് തുടങ്ങി കഴക്കൂട്ടത്ത് സമാപിക്കും. 15 ന് കഴക്കൂട്ടത്തുനിന്ന് സെക്രട്ടേറിയറ്റ് നടയിലെത്തി സമാപിക്കും.