തിരുവനന്തപുരം: ശബരിമല സത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച  സര്‍വകക്ഷിയോഗം ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം ചേരുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍, വിവിധ രാഷ്‌ട്രീ കക്ഷികള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. നിയമസഭയില്‍ പങ്കാളിത്തമുള്ള എല്ലാ കക്ഷികളെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കൂടാതെ, വ്യാഴാഴ്ച തന്ത്രികുടുംബം, പന്തളം കൊട്ടാരം പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കുന്ന പ്രത്യേകയോഗവും മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്.


അതിനിടെ യോഗത്തിനു മുന്നോടിയായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. 


സര്‍വകക്ഷിയോഗത്തിന് മുന്നോടിയായി യുഡിഎഫ് നേതാക്കളും ചര്‍ച്ച നടത്തിയിരുന്നു. സാവകാശം തേടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് യുഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. സമവായത്തിന് സര്‍ക്കാരില്ലെങ്കില്‍ യുഡിഎഫ് സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ചേക്കുമെന്നാണ് നിലപാട്.
 
സര്‍വകക്ഷിയോഗത്തിന്‍റെ ഫലം എന്താകുമെന്നറിയാന്‍ രാഷ്ട്രീയവൃത്തങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. വിധി സ്റ്റേ ചെയ്യില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിനാല്‍ പിന്നോട്ട് പോക്ക് നിയമപരമായും രാഷ്ട്രീയമായും സര്‍ക്കാരിന് സാദ്ധ്യമാവില്ല. കോടതിയലക്ഷ്യ സാദ്ധ്യതയും നിലനില്‍ക്കുകയാണ്.


എന്നാല്‍, യുഡിഎഫും ബിജെപിയും നിലപാട് തിരുത്താതെ നില്‍ക്കുന്നത് പ്രതിസന്ധിയുമാണ്. കോടതി എന്ത് പറഞ്ഞാലും ഒരു യുവതിയെയും കടത്തില്ലെന്നാണ് ബിജെപി നേതാക്കളുടെ ഇന്നലത്തെ പ്രതികരണം. ശബരിമലയെ സംഘര്‍ഷഭൂമിയാക്കാതെ സര്‍വകക്ഷിയോഗം എല്ലാ വശങ്ങളും തുറന്ന മനസോടെ ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് നേതാക്കളും പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ ശബരിമലവിഷയത്തെ സജീവമാക്കി നിറുത്താനാണ് ബി.ജെ.പി നീക്കം.