തിരുവനന്തപുരം: ശബരിമല സ്വർണകവർച്ച കേസിൽ പ്രത്യേക അന്വേഷണ സംഘം കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ അന്വേഷണത്തിന് ഇഡിയും. അന്വേഷണത്തിന്‍റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമിക വിവര ശേഖരണം തുടങ്ങിയതായാണ് വിവരം..
അതിനിടെ കേസിൽ ദേവസ്വം വിജിലൻസ് ഹൈക്കോടതിയിൽ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിന്‍റെ പകർപ്പ് പുറത്തുവന്നു. ദേവസ്വം ബോര്‍ഡിലെ ഉന്നതരിലേക്ക് സംശയം നീളുന്നതായാണ് റിപ്പോര്‍ട്ടിലെ പരാമർശങ്ങൾ വ്യക്തമാക്കുന്നത്. 2019 ലെ ബോർഡ് അധികാരികളുടെ പ്രേരണയോ സമ്മർദ്ദമോ നിർദ്ദേശമോ ഉണ്ടോയെന്ന് സംശയമുണ്ട്. നിയമവിരുദ്ധമായി സ്വർണപ്പാളി ഉണ്ണികൃഷ്ണൻ പോറ്റി ശബരിമല ദേവസ്വത്തിന് പുറത്തു കൊണ്ട് പോയി സ്വർണ്ണം പൂശാൻ ഇടയായത് 2019 ലെ ബോർഡിന്‍റെ വീഴ്ചയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ബോർഡിനെതിരെയും തുടർനടപടി വേണമെന്നും ദേവസ്വം വിജിലൻസ് റിപ്പോർട്ടിലുണ്ട്.
അതേസമയം ശബരിമലയിലെ കണക്കെടുപ്പിനായി ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി സന്നിധാനത്ത് പരിശോധന നടത്തി. സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ ആണ് കെ ടി ശങ്കരൻ പരിശോധന നടത്തിയത്. അറ്റകുറ്റപ്പണി പൂർത്തിയാക്കി എത്തിച്ച ദ്വാരപാലക പാളികൾ ഇന്ന് പരിശോധിക്കും. നാളെ ആറന്മുളയിലേക്കും അമിക്കസ് ക്യൂറി എത്തി പരിശോധന നടത്തുമെന്നാണ് വിവരം. അവിടെ ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന സ്ട്രോങ്ങ് റൂമുകളും രേഖകളും അദ്ദേഹം പരിശോധിക്കും.
ദേവസ്വം രജിസ്റ്ററിലെ കണക്കുകളും സ്‌ട്രോങ്ങ് റൂമിലെ വസ്തുക്കളും തമ്മില്‍ ഒത്തുനോക്കി വിശദമായി തന്നെ പരിശോധന നടക്കും. ജസ്റ്റിസിന് വിശ്വാസമുള്ളതും സ്വര്‍ണപ്പണിയില്‍ വൈദഗ്ധ്യമുള്ളതുമായ ഒരാളെ കൂടെ കൂട്ടാന്‍ ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ട്. 18 സ്ട്രോങ് റൂമുകളാണ് ശബരിമലയിൽ ഉള്ളത്.
പരിശോധനകള്‍ക്കുശേഷം, ശബരിമലയിലെ സ്വര്‍ണമുള്‍പ്പെടെയുള്ള മൂല്യമുള്ള എല്ലാ വസ്തുക്കളുടെയും വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതി ദേവസ്വം ഡിവിഷന്‍ ബെഞ്ചിന് സമര്‍പ്പിക്കും. സ്ട്രോങ് റൂമുകളിൽ ഉള്ള വസ്തുക്കൾ കണക്ക് തിട്ടപ്പെടുത്തി കൃത്യമായി രജിസ്ട്രി ആയി ഹൈക്കോടതിക്ക് മുൻപാകെ സമർപ്പിക്കണമെന്ന് കോടതി നിർദേശം നൽകിയിരുന്നു. ദ്വാരപാലക സ്വർണപാളിയിൽ രജിസ്ട്രിയിൽ ഗുരുതര വീഴ്ച സംഭവിച്ചതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയതിനെ തുടർന്നാണ് സ്ട്രോങ് റൂമുകള്‍ തുറന്ന് പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









