തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവാദങ്ങളെത്തുടർന്ന് കേരള നിയമസഭയിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ രൂക്ഷമായ വാഗ്വാദം നടന്നു. സഭാനടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്ലക്കാർഡുകളുമായി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി.
ദേവസ്വം മന്ത്രി രാജിവെക്കണമെന്നും അന്വേഷണ സംഘത്തിന്മേലുള്ള മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ അന്യായമായ ഇടപെടലുകൾ അവസാനിപ്പിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. എന്നാൽ, വിഷയത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാൻ പ്രതിപക്ഷം തയ്യാറാകാത്തതിനെ മന്ത്രി എം.ബി രാജേഷ് നിശിതമായി വിമർശിച്ചു.
ചർച്ചയെ ഭയക്കുന്നത് കൊണ്ടാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് മുതിരാത്തതെന്നും ഇത് ഭീരുത്വമാണെന്നും മന്ത്രി പരിഹസിച്ചു. തുടർന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങുകയും സ്പീക്കറുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ ബാനറുകൾ ഉയർത്തുകയും ചെയ്തു.
ഇതോടെ ഭരണപക്ഷ എംഎൽഎമാരും പ്രതിരോധവുമായി എഴുന്നേറ്റു. പാരഡി പാട്ടുകൾ പാടിയായിരുന്നു പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം. ഇതിനെതിരെ, സ്വർണം മോഷ്ടിച്ചത് ആരാണെന്ന് അടൂർ പ്രകാശിനോട് ചോദിക്കണമെന്നും ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടതിനാലാണ് പ്രതിപക്ഷം സഭയിൽ ബഹളം വെക്കുന്നതെന്നും എം.ബി രാജേഷ് തിരിച്ചടിച്ചു.
യഥാർത്ഥ പ്രതികൾ പിടിയിലാകുമ്പോൾ പാടാൻ ഭരണപക്ഷം ഒരു പാട്ട് കരുതിവെച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനു മറുപടിയായി ഭരണപക്ഷ അംഗങ്ങൾ "സ്വർണ്ണം കട്ടത് കോൺഗ്രസ് ആണ് അയ്യപ്പാ" എന്ന മുദ്രാവാക്യം വിളിച്ചു.
മന്ത്രി വി. ശിവൻകുട്ടിയും പാട്ടുപാടി പ്രതിഷേധത്തിൽ പങ്കുചേർന്നു. സോണിയയെ അറസ്റ്റ് ചെയ്യണമെന്നും അവരുടെ വീട് റെയ്ഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോണിയയുടെ വീട്ടിൽ പോറ്റി സന്ദർശനം നടത്തിയതിനെക്കുറിച്ചും അദ്ദേഹം ചോദ്യങ്ങൾ ഉന്നയിച്ചു.
പ്രതിപക്ഷം വിഷയം ചർച്ച ചെയ്യാതെ ഒളിച്ചോടുകയാണെന്നും കളവ് നടത്തിയത് അവരാണെന്നും മന്ത്രി വീണാ ജോർജും ആരോപിച്ചു. ബഹളം നിയന്ത്രണാതീതമായതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു. ഇനി ചൊവ്വാഴ്ചയാണ് സഭ വീണ്ടും ചേരുക. ഇതിനിടെ നന്ദിപ്രമേയ ചർച്ചയിലേക്കും സഭ കടന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









