പത്തനംതിട്ട: ഭക്തലക്ഷങ്ങൾക്ക് ദർശന പുണ്യം നൽകി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു. ദിവസം മുഴുവൻ നീണ്ട കാത്തിരിപ്പിനൊടുവിൽ വൈകിട്ട് 6.40ന് ആയിരുന്നു ദീപാരാധന. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷമാണ് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിഞ്ഞത്. നിരവധി ഭക്തരാണ് ശരണം വിളികളോടെ മകരജ്യോതി ദർശിക്കുവാനെത്തിയത്.
അയ്യപ്പനു ചാർത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തു നിന്നു തിങ്കളാഴ്‌ച പുറപ്പെട്ട ഘോഷയാത്ര വൈകിട്ട് 6.24നാണ് സന്നിധാനത്ത് എത്തിച്ചേർന്നത്. ദേവസ്വം മന്ത്രി വി.എൻ.വാസവൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ, തന്ത്രി കണ്‌ഠര് മഹേഷ് മോഹനര്, മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി, ദേവസ്വം അംഗങ്ങൾ എന്നിവർ ചേർന്ന് തിരുവാഭരണ പേടകത്തെ കൊടിമരച്ചുവട്ടിൽ സ്വീകരിച്ചു. മകരസംക്രമപൂജ വൈകിട്ട് 3.08ന് നടന്നു.
രണ്ട് ലക്ഷത്തിലേറെ തീർഥാടകരെത്തിയതായാണ് പോലീസ് വിലയിരുത്തുന്നത്. തടസ്സമില്ലാതെ പൊന്നമ്പലമേട് കാണാൻ സാധിക്കുന്ന സ്ഥലങ്ങളിലെല്ലാം തീർഥാടകർ നിലയുറപ്പിച്ചിരുന്നു. തിക്കും തിരക്കും മൂലമുണ്ടാകുന്ന അപകടം ഒഴിവാക്കാൻ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. തീർഥാടകരുടെ മടക്കയാത്രയ്ക്കായി കെഎസ്ആർടിസി 1000 ബസുകളും ക്രമീകരിച്ചിട്ടുണ്ട്.
ഭാരതീയ സംസ്കാരത്തിൽ സൂര്യൻ ധനു രാശിയിൽ നിന്നും മകരം രാശിയിലേക്ക് പ്രവേശിക്കുന്ന പുണ്യമുഹൂർത്തമാണ് മകരസംക്രാന്തിയായി അറിയപ്പെടുന്നത്. കേരളത്തിൽ മകരസംക്രാന്തിയേക്കാൾ ജനകീയം ശബരിമലയിലെ മകരവിളക്ക് മഹോത്സവമാണ്. ഐശ്വര്യത്തിന്റെയും ആത്മീയ ഉണർവിന്റേയും പുതിയൊരു തുടക്കമായാണ് വിശ്വാസികൾ ഇതിനെ കാണുന്നത്.
കഠിനമായ മണ്ഡലകാല വ്രതാനുഷ്ഠാനങ്ങളുടെ പരിസമാപ്തിയാണ് മകരവിളക്ക് ദിനം. പൊന്നമ്പലമേട്ടിൽ തെളിയുന്ന ദീപം (മകരവിളക്ക്) ദർശിക്കുന്നത് അയ്യപ്പന്റെ അനുഗ്രഹമായാണ് ഭക്തർ കരുതുന്നത്. ഈ ദീപദർശനം ഭഗവാന്റെ നേരിട്ടുള്ള സാന്നിധ്യമായാണ് ഭക്തലക്ഷങ്ങൾ വിശ്വസിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









