• 542/542 TARGET 272
  • BJP+

    354BJP+

  • CONG+

    90CONG+

  • OTH

    98OTH

Full coverage

വിഷു പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്നടയ്ക്കും

രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന തീർഥാടന കാലം കഴിയും.   

Updated: Apr 19, 2019, 08:59 AM IST
വിഷു പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നട ഇന്നടയ്ക്കും

സന്നിധാനം: മേടമാസ വിഷു പൂജകള്‍ പൂര്‍ത്തിയാക്കി നട ഇന്നടയ്ക്കും. ബിജെപി അടക്കമുള്ള പാർട്ടികൾ ശബരിമല വിഷയം പ്രചാരണായുധമാക്കി തെരഞ്ഞെടുപ്പ് കൊഴുപ്പിക്കുമ്പോഴും തീർത്ഥാടനകാലം ശാന്തമായാണ് പൂർത്തിയാവുന്നത്.

ദേവസ്വം ബോര്‍ഡിന്റെ കലണ്ടറിലും ഡയറിയിലും നല്‍കിയതിനേക്കാള്‍ ഒരു ദിവസം നേരത്തെയാണ് പൂജകള്‍ക്കായി ശബരിമല നട തുറന്നത്. സാധാരണ ഗതിയിൽ മണ്ഡല മകര വിളക്ക് കഴിഞ്ഞാൽ ഏറ്റവും അധികം ഭക്തർ ദർശനത്തിനായി എത്തുന്നത് മേടമാസത്തിലെ വിഷു പൂജകൾക്കാണ്. 

എന്നാൽ കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പായതിനാൽ ഇത്തവണ ഭക്തരുടെ എണ്ണത്തിൽ വലിയ കുറവാണ് അനുഭവപ്പെട്ടത്. നട തുറന്നിരുന്ന 10 ദിവസവും നെയ്യഭിഷേകം, കളഭാഭിഷേകം,പടിപൂജ എന്നീ പൂജകൾ ഉണ്ടായിരുന്നു. 

തിരഞ്ഞെടുപ്പ് പ്രചാരണം നടന്നു കൊണ്ടിരിക്കുന്ന ഈ സമയത്ത് പരമാവധി വിവാദങ്ങൾ ഒഴിവാക്കാൻ ദേവസ്വം ബോർഡിനും പോലീസിനും മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിരുന്നു. അതിനാൽ തന്നെ ആചാരലംഘനത്തിനായി ഇക്കുറി യുവതികൾ ആരും ശബരിമലയില്‍ എത്തിയില്ല.

രാത്രി 10 ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന തീർഥാടന കാലം കഴിയും. സുപ്രീംകോടതി വിധിക്ക് പിന്നാലെയുണ്ടായ സംഘർഷങ്ങളെക്കുറിച്ച് പ്രചാരണ വേദികളിൽ മുന്നണികൾ വാദപ്രതിവാദം നടത്തുമ്പോഴും ശബരിമലയെ അതൊന്നും ഒട്ടും ബാധിച്ചില്ല. 

ഇനി ഇടവമാസ പൂജകള്‍ക്കായി മെയ് 14 ന് വൈകിട്ടാണ് ശബരിമല നട തുറക്കുന്നത്.  ആ സമയം തിരഞ്ഞെടുപ്പ് കഴിയുന്നതിനാല്‍ യുവതികളെ ദര്‍ശനത്തിന് എത്തിക്കുമോയെന്നു കാത്തിരുന്നു കാണാം.