ശബരിമല സമരം സ്ത്രീ പ്രവേശനത്തിന് എതിരായല്ലെന്ന് ശ്രീധരന്‍ പിള്ള; പ്രവര്‍ത്തകരോടെങ്കിലും സത്യസന്ധത കാണിക്കണമെന്ന് ധനമന്ത്രി!!

ശബരിമലയില്‍ നടക്കുന്ന പ്രശ്നങ്ങള്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെയല്ലെന്നും കമ്മ്യൂണിസ്റ്റുകള്‍ക്കെതിരാണെന്നും ബിജെപി അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള

Last Updated : Nov 19, 2018, 06:37 PM IST
ശബരിമല സമരം സ്ത്രീ പ്രവേശനത്തിന് എതിരായല്ലെന്ന് ശ്രീധരന്‍ പിള്ള; പ്രവര്‍ത്തകരോടെങ്കിലും സത്യസന്ധത   കാണിക്കണമെന്ന് ധനമന്ത്രി!!

പത്തനംതിട്ട: ശബരിമലയില്‍ ബിജെപി നടത്തുന്ന സമരം സ്ത്രീ പ്രവേശനത്തിന് എതിരായല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കമ്യൂണിസ്റ്റുകാര്‍ക്കെതിരെയാണ്  സമരമെന്ന് അദ്ദേഹം വ്യക്തമാക്കി. ശബരിമലയില്‍ ആചാരലംഘനത്തിനായി എത്തുന്ന യുവതികളെ പ്രവേശിപ്പിക്കുന്നതാണ് പ്രശ്‌നമെന്നും സ്ത്രീ പ്രവേശനമല്ലെന്നും ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു. 

ഈ ലക്ഷ്യം മുന്നില്‍ വച്ചാണ് കോടിക്കണക്കിന് ആളുകളുടെ ഒപ്പു ശേഖരിക്കാന്‍ വീടുകളില്‍ പോകുന്നത്. അല്ലാതെ ശബരിമലയില്‍ സ്ത്രീകള്‍ വരുന്നോ പോകുന്നോ എന്നു നോക്കാന്‍ വേണ്ടിയല്ല. സ്ത്രീകള്‍ വരുന്നതില്‍ പ്രതിഷേധിക്കുന്ന വിശ്വാസികളുണ്ടെങ്കില്‍ അവര്‍ നടപടികള്‍ സ്വീകരിക്കും. ഞങ്ങള്‍ അവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കും, അത്രേയുള്ളൂ. ശ്രീധരന്‍ പിള്ള പറഞ്ഞു. 

ശബരിമലയില്‍ പോകാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. ആര്‍എസ്എസുകാര്‍ക്കും ബിജെപികാര്‍ക്കും സംഘപരിവാരുകാര്‍ക്കും എല്ലാവര്‍ക്കും ശബരിമലയില്‍ പോകാന്‍ അവകാശമുണ്ട്. ശബരിമലയില്‍ ഇന്നലെ നടന്ന സംഭവവികാസങ്ങളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പിഎസ് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടിരുന്നു. 

അതേസമയം, ശ്രീധരന്‍ പിള്ളയുടെ പ്രസ്താവന ഭരണപക്ഷനേതാക്കള്‍ ഏറ്റെടുത്തു. ശ്രീധരന്‍ പിള്ള തികഞ്ഞ ഭീരുവിനെപ്പോലെ പെരുമാറുകയാണെന്നും സ്വന്തം പ്രവര്‍ത്തകരോടെങ്കിലും അദ്ദേഹം സത്യസന്ധത കാണിക്കണമെന്നും സംസ്ഥാന ധനമന്ത്രി തോമസ്‌ ഐസക്ക് പറഞ്ഞു.

ശബരിമലയിലേക്ക് യുവതികള്‍ക്ക് പ്രവേശനം നല്‍കാമെന്ന തീരുമാനം 24 മണിക്കൂറിനകം പിന്‍വലിച്ചില്ലെങ്കില്‍ ബിജെപിയുടെ സമരം ശക്തമാക്കുമെന്ന് സംസ്ഥാന സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയ അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയാണ് തികഞ്ഞ ഭീരുവിനെപ്പോലെ ഇന്ന് മലക്കം മറിഞ്ഞതെന്ന് ധനമന്ത്രി തോമസ് ഐസക്ക്. 

ശ്രീധരന്‍ പിള്ളയുടെ ചുവടുമാറ്റത്തെ പരിഹസിച്ച മന്ത്രി ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കിയാല്‍ നട അടച്ചിടാന്‍ ശബരിമല തന്ത്രി തയ്യാറായത് തന്‍റെ നിയമോപദേശം വിശ്വസിച്ചാണ് എന്നു വീമ്പിളക്കിയ ചരിത്രവും ഈ വേളയില്‍ നമുക്കോര്‍മ്മിക്കാമെന്നും ഐസക്ക് പരിഹസിച്ചു.

സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി നടപ്പാക്കുന്നത് തടയാന്‍ നടത്തുന്ന ശ്രമങ്ങള്‍ തന്‍റെ  അഭിഭാഷക ഭാവിയെ ബാധിക്കുമെന്ന തിരിച്ചറിവിലേയ്ക്ക് വൈകിയെങ്കിലും അദ്ദേഹം എത്തുകയാണ് എന്നും ധനമന്ത്രി പറഞ്ഞു.

അദ്ദേഹത്തിന്‍റെ വാക്കു വിശ്വസിച്ച്‌ സമരവും അക്രമവും നടത്തി ജാമ്യം ലഭിക്കാത്ത കേസുകളില്‍ പ്രതികളായ ബിജെപി പ്രവര്‍ത്തകരോട് അദ്ദേഹം ഇനിയെന്തു പറയും? ചുരുങ്ങിയ പക്ഷം ജാമ്യം ലഭിക്കാതെ ജയിലില്‍ കിടക്കുന്ന സ്വന്തം പ്രവര്‍ത്തകരോട് പരസ്യമായി മാപ്പു പറയാനെങ്കിലും തയ്യാറാകണമെന്നും തോമസ് ഐസക്ക് പറഞ്ഞു.

 

 

Trending News