കന്നിമാസത്തെ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

ഈ മാസം 21 വരെയാണ് കന്നിമാസ പൂജകള്‍ക്കായി ക്ഷേത്ര നട തുറക്കുക.   

Last Updated : Sep 16, 2018, 11:50 AM IST
കന്നിമാസത്തെ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

എരുമേലി: പ്രളയത്തിന് ശേഷം കന്നിമാസത്തെ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. ശബരിമലയില്‍ ഒരു വര്‍ഷത്തെ പൂജകള്‍ നടത്താന്‍ ക്ഷേത്ര തന്ത്രിയായി കണ്ഠരര് രാജീവര് ഇന്ന് ചുമലയേല്‍ക്കും. 

ഈ മാസം 21 വരെയാണ് കന്നിമാസ പൂജകള്‍ക്കായി ക്ഷേത്ര നട തുറക്കുക. ചിങ്ങമാസ നിറപുത്തരി പൂജകള്‍ക്ക് ഭക്തരെ പ്രവേശിപ്പിക്കാത്തതിനാല്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ ഇത്തവണ എത്തുമെന്നാണ് കരുതുന്നത്. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മുന്നില്‍ ഇത്തവണ സ്വാമിയെ കാണാന്‍ കടമ്പകളേറെയാണ്.

പ്രളയത്തില്‍ തകര്‍ന്ന പമ്പ ത്രിവേണിയിലേക്ക് സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ കഴിയില്ല. നിലക്കലില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് കെഎസ്ആര്‍ടിസി ബസില്‍ വരണം. പമ്പയില്‍ ശൗചാലയങ്ങള്‍ മുഴുവന്‍ തകര്‍ന്നതിനാല്‍ ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിച്ചു. കുപ്പിവെള്ളത്തിന് നിരോധനമുണ്ട്. കടകളും വളരെ കുറവാണ്. പമ്പയിലെ ആശുപത്രിയുടെ രണ്ടാം നിലയില്‍ ഒപി സേവനം ലഭ്യമാക്കും. വൈദ്യുതി, കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചിട്ടുണ്ട്.

നിലക്കലിലും പമ്പയിലും അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പറയുന്നു. സുരക്ഷയ്ക്കായി കൂടുതല്‍ പൊലീസ് സേനാംഗങ്ങളെയും നിയോഗിച്ചിട്ടുണ്ട്.

Trending News