തിരു ഉത്സവത്തിനും മീനമാസ പൂജകള്‍ക്കുമായി ശബരിമല നട ഇന്ന് തുറക്കും

സ്വര്‍ണം പൂശിയ പുതിയ ശ്രീകോവില്‍ വാതിലിന്റെ സമര്‍പ്പണവും ഇന്ന് നടക്കും. വലിയ ഭക്തജന തിരക്കായായിരിക്കും ശബരിമല ഉല്‍സവത്തിന് നടതുറക്കുമ്പോള്‍ ഉണ്ടാകുന്നത്. 

Last Updated : Mar 11, 2019, 09:17 AM IST
തിരു ഉത്സവത്തിനും മീനമാസ പൂജകള്‍ക്കുമായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല: തിരു ഉല്‍വത്തിനും മീനമാസ പൂജകള്‍ക്കുമായി ശബരിമല നട ഇന്ന് തുറക്കും. നാളെയാണ് കൊടിയേറ്റ്. തിരുആറാട്ട് 21ന് പമ്പ നദിയില്‍ നടക്കും. 

അതിനിടെ ഉത്സവ സമയത്ത് സ്ത്രീകള്‍ ദര്‍ശനത്തിന് എത്തുമെന്ന അഭ്യൂഹം ശക്തമാണ്. അതുകൊണ്ട് തന്നെ ശബരിമല കര്‍മ്മസമിതി പ്രതിരോധം തീര്‍ക്കാന്‍ സന്നിധാനത്തുണ്ട്. മുന്‍പത്തേതില്‍ നിന്നും വ്യത്യസ്തമായി ഇക്കുറി ശബരിമലയില്‍ വിന്യസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. 

നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടതില്ലെന്ന നിലപാടിലാണ് ജില്ലാ കളക്ടര്‍ പിബി നൂഹ്. പതിനൊന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ഉത്സവ, മീനമാസ പൂജകള്‍ക്കായാണ് നടതുറക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്ത് വരുന്നത് കൂടെ കണക്കിലെടുത്ത് സുരക്ഷാ സേനാംഗങ്ങളുടെ എണ്ണത്തില്‍ ഇത്തവണ കുറവുണ്ട്. 

300 സുരക്ഷാ സേനാംഗങ്ങള്‍ മാത്രമായിരിക്കും സന്നിധാനം, നിലക്കല്‍, പമ്പ എന്നിവിടങ്ങളിലായി ഉണ്ടാകുക. കഴിഞ്ഞ മാസ പൂജക്ക് 1500 ഓളം പൊലീസ് സേനാംഗങ്ങളുണ്ടായിരുന്നു. ഇന്ന് വൈകിട്ട് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറക്കും. 

തുടര്‍ന്ന് 18ാം പടിക്ക് മുന്നിലുള്ള ആഴിയിലും മേല്‍ശാന്തി തീ പകരും. വൈകുന്നേരം 7 മണിമുതല്‍ പ്രാസാദ ശുദ്ധി ക്രിയകള്‍ നടക്കും. രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും. നാളെ രാവിലെ 7.30 ന് കൊടിയേറ്റ് നടക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ കാര്‍മ്മികത്വത്തിലാണ് കൊടിയേറ്റ് ചടങ്ങുകള്‍. തുടര്‍ന്ന് ബിംബ ശുദ്ധി ക്രിയകളും നടക്കും.

ശേഷം ഉച്ചപൂജ കഴിഞ്ഞ് നട അടയ്ക്കും. വൈകുന്നേരം 6.30ന് ദീപാരാധന. തുടര്‍ന്ന് അത്താഴപൂജ, മുളയിടല്‍, ശ്രീഭൂതബലി എന്നിവയും നടക്കും. 13 മുതല്‍ എല്ലാം ദിവസവും ഉല്‍സവബലിയും ശ്രീഭൂതബലിയും ഉണ്ടാകും. അഞ്ചാം ഉല്‍സവ ദിവസമായ 16ന് ആണ് വിളക്ക് എഴുന്നെള്ളിപ്പ്. 9ാം ഉല്‍സവ ദിനമായ 20 ന് പള്ളിക്കുറിപ്പ്. 

10ാം ഉല്‍സവ ദിനമായ 21ന് ആണ് തിരു ആറാട്ടെഴുന്നെള്ളിപ്പും പമ്പയിലെ ഭക്തിനിര്‍ഭരമായ ആറാട്ടുംപൂജയും. തുടര്‍ന്ന് ശബരിമല സന്നിധാനത്തേക്ക് ആറാട്ട് എഴുന്നെള്ളിപ്പ് തിരികെ പോകും. രാത്രി കൊടിയിറക്കിയ ശേഷം പൂജ നടത്തി ഹരിവരാസനം പാടി ക്ഷേത്ര തിരുനട അടയ്ക്കും. മീനമാസ പൂജകള്‍ക്കായും ഉല്‍സവ സമയത്ത് തന്നെയാണ് നട തുറന്നിരിക്കുന്നത്.

സ്വര്‍ണം പൂശിയ പുതിയ ശ്രീകോവില്‍ വാതിലിന്റെ സമര്‍പ്പണവും ഇന്ന് നടക്കും. വലിയ ഭക്തജന തിരക്കായായിരിക്കും ശബരിമല ഉല്‍സവത്തിന് നടതുറക്കുമ്പോള്‍ ഉണ്ടാകുന്നത്.

Trending News