ശബരിമല സ്ത്രീ പ്രവേശനത്തില്‍ സ്റ്റേ ഇല്ല, വിധി അതേപടി നിലനില്‍ക്കും: സുപ്രീംകോടതി

സെപ്റ്റംബര്‍ 28ന് സുപ്രീംകോടതി പുറപ്പെടുവിച്ച പ്രമാദമായ ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ സ്റ്റേ ഇല്ല എന്ന് സുപ്രീംകോടതി. 

Last Updated : Nov 13, 2018, 04:23 PM IST
ശബരിമല സ്ത്രീ പ്രവേശനത്തില്‍ സ്റ്റേ ഇല്ല, വിധി അതേപടി നിലനില്‍ക്കും: സുപ്രീംകോടതി

ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 28ന് സുപ്രീംകോടതി പുറപ്പെടുവിച്ച പ്രമാദമായ ശബരിമല സ്ത്രീ പ്രവേശന വിധിയില്‍ സ്റ്റേ ഇല്ല എന്ന് സുപ്രീംകോടതി. 

സുപ്രീംകോടതി പുറപ്പെടുവിച്ച വിധി അതേപടി നിലനില്‍ക്കുമെന്നും, സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന 49 പുനഃപരിശോധനാ ഹര്‍ജികളും ഒപ്പം റിട്ട് ഹര്‍ജികളും ജനുവരി 22ന് സുപ്രീം കോടതി പരിഗണിക്കുമെന്നാണ് പുതിയ തീരുമാനം. 

ശബരിമല സ്ത്രീ പ്രവേശന കേസ് വീണ്ടും തുറന്ന കോടതിയിലേയ്ക്ക് മാറ്റുന്നതുവഴി ഈ വിഷയത്തില്‍ വീണ്ടുമൊരു തുറന്ന വാദത്തിന് വഴിയൊരുങ്ങിയിരിക്കുകയാണ്. 

വിധിയുമായി ബന്ധപ്പെട്ട് ഇതുവരെ 49 പുനഃപരിശോധനാ ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ എത്തിയത്. ഈ ഹര്‍ജികളെല്ലാം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് ചേംബറില്‍ പരിഗണിച്ചിരുന്നു. അതിന്ശേഷമാണ് സുപ്രീം കോടതിയുടെ ഈ തീരുമാനം. 

അതേസമയം, പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന ആവശ്യം രാവിലെ സുപ്രീംകോടതി തള്ളിയിരുന്നു. രാവിലെ പത്തരയ്ക്ക് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ചിലാണ് ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കണമെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. 

എന്നാല്‍ ചേംബറില്‍ പരിഗണിയ്ക്കാന്‍ തീരുമാനിച്ച ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കാനുള്ള സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. നേരത്തെ വ്യക്തമാക്കിയത് പോലെ ഹര്‍ജികള്‍ ചേംബറില്‍ത്തന്നെ പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കിയിരുന്നു. ശേഷമാണ് സുപ്രീം കോടതിയുടെ ഈ തീരുമാനം. 

സുപ്രീംകോടതി വിധി വന്നതിനു ശേഷം പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ച് വീണ്ടും തുറന്ന കോടതിയില്‍ വാദം നടന്ന കേസുകള്‍ തന്നെ വളരെ വിരളമാണ്. 

 

Trending News