ശബരിമലയില്‍ കൂടുതല്‍ വനിതാ പൊലീസ്, മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്

സ്ത്രീകളെ അണിനിരത്തി പ്രതിഷേധം ശക്തമാക്കാനിടയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് നല്‍കിയ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണവുമായി പൊലീസ്.

Last Updated : Nov 4, 2018, 10:01 AM IST
ശബരിമലയില്‍ കൂടുതല്‍ വനിതാ പൊലീസ്, മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്

സന്നിധാനം: സ്ത്രീകളെ അണിനിരത്തി പ്രതിഷേധം ശക്തമാക്കാനിടയുണ്ടെന്ന് സ്പെഷ്യൽ ബ്രാഞ്ച് നല്‍കിയ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ കൂടുതല്‍ നിയന്ത്രണവുമായി പൊലീസ്.

അതേസമയം, ചിത്തിര ആട്ടവിശേഷത്തിന് തിങ്കളാഴ്ച നട തുറക്കാനിരിക്കേ ശബരിമലയില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 

ശബരിമലയുടെ നിയന്ത്രണം പൂര്‍ണ്ണമായും പൊലീസ് ഏറ്റെടുത്തു. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പൊലീസ് അറിയാതെ ഒരാള്‍ക്കുപോലും പ്രവേശിക്കാന്‍ കഴിയാത്തവിധം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നിരോധനാജ്ഞ നിലവിൽ വന്ന ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങള്‍ പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാണ്. സുരക്ഷയുടെ ഭാഗമായി ഇലവുങ്കലില്‍ മധ്യമപ്രവര്‍ത്തകരെ തടഞ്ഞു. നിലയ്ക്കല്‍ ബേസ് ക്യാമ്പ് വരെയാണ് മാധ്യമങ്ങള്‍ക്ക് പ്രവേശനം.

കൂടാതെ, സന്നിധാനത്ത് 50 വയസ്സ് കഴിഞ്ഞ 30 വനിതാ പൊലീസുകാരെ നിയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എസ്‌ഐ, സിഐ റാങ്കിലുള്ള വനിതാ പൊലീസുകാരെയാണ് നിയോഗിക്കുക. 

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ സ്ത്രീകളെ അണിനിരത്തി പ്രശ്നമുണ്ടാക്കാന്‍ ബിജെപി ആര്‍എസ്എസ് ശ്രമം നടക്കുന്നുവെന്നാണ് മുന്‍പുതന്നെ റിപ്പോർട്ടുകള്‍ പുറത്തു വന്നിരുന്നു. 

അതേസമയം, മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്തിയത് സുരക്ഷാ വിന്യാസം പൂര്‍ണമാകാത്തതിനാലാണെന്ന് മുഖ്യമന്ത്രിയുടെ സെക്രട്ടറി എം.വി ജയരാജന്‍ പറഞ്ഞു. പൊലീസ് വിവിധയിടങ്ങളില്‍ ചുമതലയേല്‍ക്കുന്നത് ഞായറാഴ്ച വൈകുന്നേരമേ പൂര്‍ത്തിയാകൂ. ഇതാണ് തിങ്കളാഴ്ച രാവിലെ മാത്രം എല്ലാവരെയും കടത്തിവിടാനുള്ള തീരുമാനത്തിനു പിന്നിലെന്ന് എം.വി. ജയരാജന്‍ പറഞ്ഞു.

അർദ്ധരാത്രി മുതൽ നിലയ്ക്കല്‍, ഇലവുങ്കല്‍, പമ്പ, സന്നിധാനം, എന്നിവിടങ്ങളില്‍ നിരോധനാഞ്ജ പ്രാബല്യത്തില്‍ വന്നു. ആറിന് അർദ്ധരാത്രിവരെ നിരോധനാ‌ജ്ഞ നിലനില്‍ക്കും.

എഡിജിപിയുടെ നേതൃത്വത്തിൽ 1200 ഓളം സുരക്ഷാംഗങ്ങളെയാണ് ശബരിമലയില്‍ സുരക്ഷാ ചുമതലക്കായി നിയോഗിച്ചിരിക്കുന്നത്. യുവതി പ്രവേശനം തടയാന്‍ ഏതെങ്കിലും തരത്തിലുള്ള ശ്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ മുന്‍ കരുതലായി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കൂടാതെ, തീർത്ഥാടകർ തിരിച്ചറിയൽ രേഖകൾ സൂക്ഷിക്കണമെന്ന് പൊലീസ് അറിയിച്ചു. ഇരുമുടിക്കെട്ടും നിര്‍ബന്ധം. 

 

 

Trending News