ഉപതിരഞ്ഞെടുപ്പുകളില്‍ ശബരിമല സജീവ ചര്‍ച്ചാ വിഷയമാക്കും: കുമ്മനം

മഞ്ചേശ്വരത്തെയും കോന്നിയിലേയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിശ്വാസത്തിന്‍റെ കാര്യത്തില്‍ ഇപ്പോള്‍ എടുത്തിരിക്കുന്ന നിലപാട് പൊള്ളയാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.  

Ajitha Kumari | Updated: Oct 3, 2019, 03:02 PM IST
ഉപതിരഞ്ഞെടുപ്പുകളില്‍ ശബരിമല സജീവ ചര്‍ച്ചാ വിഷയമാക്കും: കുമ്മനം

തിരുവനന്തപുരം: കേരളത്തിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ശബരിമല സജീവ ചര്‍ച്ചാ വിഷയമാക്കുമെന്ന് കുമ്മനം രാജശേഖരന്‍.

ഈ തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്ന പ്രധാന വിഷയങ്ങളില്‍ ഒന്ന് ശബരിമലയാണെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ഈ വിഷയം മാത്രം വെച്ച് പ്രചരണം നടത്താന്‍ കഴിയില്ലയെന്നും കൃത്യമായ ഒരു മാനിഫെസ്റ്റോയുടെ അടിസ്ഥാനത്തില്‍ തന്നെയാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ തവണയും ശബരിമല പ്രധാന ചര്‍ച്ചാ വിഷയമായിരുന്നുവെന്നും സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചില്ലയെങ്കിലും വോട്ടില്‍ 16 ശതമാനത്തോളം വര്‍ധനവുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

അതുമാത്രമല്ല പല വിഷയങ്ങളിലും സര്‍ക്കാരിനും പ്രതിപക്ഷത്തിനും എതിരേ ഉണ്ടായ ജനങ്ങളുടെ വികാരങ്ങളായിരുന്നു വോട്ടു വര്‍ധനവിന്‍റെ പ്രധാന കാരണമെന്നും കുമ്മനം പറഞ്ഞു.

ഒന്നോ രണ്ടോ വിഷയങ്ങളല്ല ജനങ്ങളെ ബാധിക്കുന്ന എല്ലാത്തരം പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യപ്പെടണം എന്നതാണ് തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തീരുമാനമെന്നും അത്തരം ചര്‍ച്ചകളുടെ ഭാഗമായി നടത്തുന്ന പ്രചാരണങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഒരു വിധിയെഴുത്തായിരിക്കും ഈ തിരഞ്ഞെടുപ്പില്‍ കാണാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മഞ്ചേശ്വരത്തെയും കോന്നിയിലേയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിശ്വാസത്തിന്‍റെ കാര്യത്തില്‍ ഇപ്പോള്‍ എടുത്തിരിക്കുന്ന നിലപാട് പൊള്ളയാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.