ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിക്കരുത്, അരയസമാജം ഹര്‍ജി നല്‍കി

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിക്കരുതെന്നും, ശബരിമല ദര്‍ശനത്തിനായി പോലീസ് സംരക്ഷണം അനുവദിക്കണമെന്ന രഹന ഫാത്തിമയുടേയും ബിന്ദു അമ്മിണിയുടേയും ആവശ്യം അംഗീകരിക്കരുതെന്നും ചൂണ്ടിക്കാട്ടി അരയസമാജം സുപ്രീംകോടതിയെ അമീപിച്ചു. 

Sheeba George | Updated: Dec 8, 2019, 02:19 PM IST
ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിക്കരുത്, അരയസമാജം ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതി പ്രവേശനം അനുവദിക്കരുതെന്നും, ശബരിമല ദര്‍ശനത്തിനായി പോലീസ് സംരക്ഷണം അനുവദിക്കണമെന്ന രഹന ഫാത്തിമയുടേയും ബിന്ദു അമ്മിണിയുടേയും ആവശ്യം അംഗീകരിക്കരുതെന്നും ചൂണ്ടിക്കാട്ടി അരയസമാജം സുപ്രീംകോടതിയെ അമീപിച്ചു. 

ഇവര്‍ ഭക്തരല്ലെന്നും സ്വാര്‍ത്ഥ താത്പര്യങ്ങള്‍ ഉള്ള രാഷ്ട്രീയ ആക്ടിവിസ്റ്റുകളാണ് എന്നും, പ്രശസ്തിയാണ് ഇവരുടെ ലക്ഷ്യമെന്നും ഹര്‍ജിയില്‍ പറയുന്നു. ബലം പ്രയോഗിച്ച് യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചാല്‍ അത് സംസ്ഥാനത്തും ശബരിമലയിലും നിലനില്‍ക്കുന്ന സമാധാനന്തരീക്ഷം തകര്‍ക്കുമെന്നും അരയസമാജം സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നുണ്ട്

യുവതീ പ്രവേശനം ഇപ്പോള്‍ ഏഴംഗ ഭരണ ഘടന ബെഞ്ചിനു വിട്ടിരിക്കുന്ന സാഹചര്യത്തില്‍ തിരക്കിട്ട് ശബരിമലയിലേക്ക് യുവതീ പ്രവേശനം അനുവദിക്കരുത്. യുവതീ പ്രവേശനം തിരക്കിട്ട് അനുവദിച്ചാല്‍ ഹിന്ദു സമൂഹത്തില്‍ ഉണ്ടാകുന്ന മുറിവ് പിന്നീട് ശമിപ്പിക്കാന്‍ കഴിയില്ലെന്നും അരയസമാജം അപേക്ഷയില്‍ പറയുന്നു.

രഹന ഫാത്തിമ നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ ആണ് അരയസമാജം സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയത്.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്റ്റംബര്‍ 28ന്‍റെ വിധി പുന:പ്പരിശോധിക്കണമെന്ന ഹര്‍ജികള്‍ ഏഴംഗ ഭരണ ഘടന ബെഞ്ചിനു വിട്ടിരുന്നു. ഹര്‍ജി പരിഗണിക്കുന്നതുവരെ പഴയ വിധി നിലനില്‍ക്കും. ഏഴംഗ ഭരണ ഘടന ബെഞ്ചിന്‍റെ തീരുമാനം വന്ന ശേഷം മാത്രമേ ശബരിമല പുനഃപരിശോധന ഹര്‍ജികളില്‍ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ.

അതേസമയം, ഈ വര്‍ഷത്തെ മണ്ഡലമാസത്തില്‍ ശബരിമല ദര്‍ശനത്തിനായി 36 സ്ത്രീകള്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അപേക്ഷിക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.