മരട് ഫ്ലാറ്റ്: നഷ്ടപരിഹാര സമിതിക്ക് രൂപം നല്‍കി സുപ്രീംകോടതി

കേരളാ ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സമിതിക്കാണ് സുപ്രീംകോടതി രൂപം നല്‍കിയിരിക്കുന്നത്.  

Last Updated : Sep 28, 2019, 05:28 PM IST
മരട് ഫ്ലാറ്റ്: നഷ്ടപരിഹാര സമിതിക്ക് രൂപം നല്‍കി സുപ്രീംകോടതി

ന്യൂഡല്‍ഹി: മരട് ഫ്ലാറ്റ് കേസില്‍ ഫ്ലാറ്റുടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാനുള്ള സമിതിയ്ക്ക് സുപ്രീംകോടതി രൂപം നല്‍കി.

മൂന്നംഗ സമിതിയ്ക്കാണ് രൂപം നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കി. കേരളാ ഹൈക്കോടതിയില്‍ നിന്നും വിരമിച്ച ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സമിതിക്കാണ് സുപ്രീംകോടതി രൂപം നല്‍കിയിരിക്കുന്നത്.

ഫ്‌ളാറ്റ് ഉടമകള്‍ക്ക് നഷ്ടപരിഹാരം ഈ സമിതി ഉറപ്പാക്കണമെന്നും ഉടമകള്‍ക്ക് കിട്ടേണ്ട മുഴുവന്‍ തുക സംബന്ധിച്ച പരിശോധന സമിതി നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.

മരടിലെ നാല് ഫ്ലാറ്റ് നിര്‍മാതാക്കളുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുന്നതായും ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതായും കോടതി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്.

കേസിലെ സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ള വിവിധ കക്ഷികളോട് സമിതിയുടെ അധ്യക്ഷനാക്കേണ്ട റിട്ട.ജസ്റ്റിസിന്‍റെ പേര് പറയാന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന്‍ സംസ്ഥാന സര്‍ക്കാരാണ് ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായരുടെ പേര് കോടതിയ്ക്ക് കൈമാറിയത്. ഇത് കോടതി അംഗീകരിക്കുകയും ചെയ്തു.

മരടിലെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി വെള്ളിയാഴ്ച ഉത്തരവിട്ടിരുന്നു. നാലാഴ്ചയ്ക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കാനാണ് ഉത്തരവിട്ടിരിക്കുന്നത്.

Trending News