ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും

നിലയ്ക്കലില്‍ ഡ്യൂട്ടിയിലുണ്ടായ എസ്.പി. യതീഷ് ചന്ദ്രയെ ചുമതലയില്‍ നിന്ന് മാറ്റിയിട്ടുണ്ട്.  

Updated: Nov 26, 2018, 08:55 AM IST
ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും

പത്തനംതിട്ട: ശബരിമലയില്‍ പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കും. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നിരോധനാജ്ഞ ദീര്‍ഘിപ്പിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് രാത്രി 12 മണി വരെയാണ് നിരോധനാജ്ഞയുടെ സമയപരിധി.

ശനിയാഴ്ച രാത്രി സന്നിധാനത്ത് നിരോധനാജ്ഞ ലംഘിച്ച് സംഘം ചേര്‍ന്നവരെ അറസ്റ്റ് ചെയ്ത പശ്ചാത്തലത്തില്‍ നിരോധനാജ്ഞ ദീര്‍ഘിപ്പിച്ചേക്കുമെന്നാണ് സൂചന.

സംഭവവുമായി ബന്ധപ്പെട്ട് എഡിഎമ്മില്‍ നിന്നും കളക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. തുലാമാസ പൂജയ്ക്ക് ശേഷം ഇത് നാലാം വട്ടമാണ് ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നീ മേഖലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത്.

കഴിഞ്ഞ ദിവസം നിരോധനാജ്ഞ ലംഘിച്ച 82 പേരെ അറസ്റ്റു ചെയ്തു നീക്കി. ഇന്നലെയും പ്രതിഷേധമുണ്ടായെങ്കിലും, പൊലീസ് നിര്‍ദ്ദേശം പാലിച്ചായതിനാല്‍ അറസ്റ്റുണ്ടായില്ല. നിലയ്ക്കലില്‍ ഡ്യൂട്ടിയിലുണ്ടായ എസ്.പി. യതീഷ് ചന്ദ്രയെ ചുമതലയില്‍ നിന്ന് മാറ്റിയിട്ടുണ്ട്. പകരം ആളെ നിയോഗിച്ചിട്ടില്ല. പ്രതിഷേധങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണവും കുറയുകയാണ്.