close

News WrapGet Handpicked Stories from our editors directly to your mailbox

ഒരുമിച്ച് താമസിക്കാൻ അനുമതിതേടിയ യുവതികൾക്ക് താങ്ങായി ഹൈക്കോടതി

തിരുവനന്തപുരത്തുള്ള യുവതിയുമായി താന്‍ അടുപ്പത്തിലാണെന്നും വേർപിരിയാനാവില്ലെന്നും പറഞ്ഞാണ് ഹർജിക്കാരി കോടതിയെ സമീപിച്ചത്.   

Updated: Sep 25, 2018, 12:42 PM IST
ഒരുമിച്ച് താമസിക്കാൻ അനുമതിതേടിയ യുവതികൾക്ക് താങ്ങായി ഹൈക്കോടതി

കൊച്ചി: ഒന്നിച്ചുതാമസിക്കാൻ അനുമതിതേടി ഹൈക്കോടതിയെ സമീപിച്ച യുവതികൾക്ക് ഇഷ്ടപ്രകാരം തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. തന്നോടൊപ്പം താമസിക്കാൻ ആഗ്രഹിച്ച തിരുവനന്തപുരത്തുകാരിയായ യുവതിയെ വീട്ടുകാർ തടഞ്ഞുവെച്ചതായി ആരോപിച്ച് കൊല്ലം സ്വദേശിനിയാണ് ഹർജി നൽകിയത്.

വീട്ടുകാർ തടഞ്ഞുവെച്ചെന്ന് ആരോപിക്കുന്ന യുവതിയെ പോലീസ് തിങ്കളാഴ്ച ഹൈക്കോടതിയിൽ ഹാജരാക്കി. അവരുമായി സംസാരിച്ച ശേഷമാണ് ഇരുവർക്കും അവരുടെ ഇഷ്ടപ്രകാരം തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കിയത്.

തിരുവനന്തപുരത്തുള്ള യുവതിയുമായി താന്‍ അടുപ്പത്തിലാണെന്നും വേർപിരിയാനാവില്ലെന്നും പറഞ്ഞാണ് ഹർജിക്കാരി കോടതിയെ സമീപിച്ചത്. രണ്ടുസ്ത്രീകൾക്ക് ഒരുമിച്ചുതാമസിക്കാൻ തടസ്സമില്ലെന്ന് സുപ്രീംകോടതിയുടെ വിധിയും അവര്‍ ഹര്‍ജിയില്‍ സൂചിപ്പിച്ചു. 

ഇരുവരും ഒരുമിച്ചു താമസിക്കാൻ തീരുമാനിച്ചപ്പോൾ തിരുവനന്തപുരത്തെ യുവതിയുടെ വീട്ടുകാർ പോലീസിൽ പരാതിനൽകുകയും കേസെടുത്ത പോലീസ് യുവതിയെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. 

മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇവറോട് കോടതി അവരുടെ ഇഷ്ടപ്രകാരം പോകാൻ അനുവദിച്ചിരുന്നു. എന്നാൽ, കോടതിയിൽനിന്ന് ഇറങ്ങിയപ്പോൾ ചിലർ തിരുവനന്തപുറത്തുള്ള യുവതിയെ ബലംപ്രയോഗിച്ച് കൊണ്ടുപോയി. തുടര്‍ന്ന് തന്നെ മാനസികചികിത്സയ്ക്ക് ആശുപത്രിയിലാക്കിയെന്ന് യുവതിയുടെ ഫോൺസന്ദേശം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്ന് ഹർജിക്കാരി ബോധിപ്പിച്ചു.

സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമായി കാണുന്ന ഭരണഘടനയുടെ 377 മത്തെ വകുപ്പ് റദ്ദ് ചെയ്യണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ സുപ്രധാന വിധിയാണ് ഈ യുവതികള്‍ക്ക് സഹായമായത്. പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ രതി കുറ്റകൃത്യമല്ലെന്നും ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പരമ പ്രധാനമെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധി പ്രസ്താവം നടത്തിയത്. ഇതോടെ സ്വവര്‍ഗരതി നിയമപരമായി അംഗീകരിച്ച 27 മത്തെ രാജ്യമായി ഇന്ത്യ.