സ്വാശ്രയ മാനേജ്മെന്റ് കരാര്‍: പ്രതിപക്ഷ സമരത്തെ പരിഹസിച്ച് മുഖ്യമന്ത്രി

Last Updated : Sep 27, 2016, 12:41 PM IST
സ്വാശ്രയ മാനേജ്മെന്റ് കരാര്‍: പ്രതിപക്ഷ സമരത്തെ പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം ∙ സ്വശ്രയ പ്രശ്നത്തെച്ചൊല്ലി നിയമസഭയിൽ ഇന്നും പ്രതിപക്ഷ ബഹളം.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ പൊലീസ് നടപടി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കി. ഷാഫി പറമ്പലിലാണ് അടിയന്തരപ്രമേയം നല്‍കിയത്. പൊലീസ് അക്രമത്തിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷ അംഗങ്ങൾ സഭയിലെത്തിയത്.

അതേസമയം, സെക്രട്ടേറിയറ്റിനുമുന്നിൽ ലാത്തിച്ചാർജിനു  പ്രകോപനമുണ്ടാക്കിയത് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. ഗതാഗതം തടയുകയും വഴിയാത്രക്കാർക്കും പൊലീസിനുംനേരെ കയ്യേറ്റമുണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് ലാത്തിച്ചാർജ് നടത്തിയത്. 

പൊലീസ് അക്രമം അഴിച്ചുവിട്ടില്ല. സമരക്കാരാണ് അക്രമം നടത്തിയത്. ചുവന്ന മഷി ഷർട്ടിൽ പുരട്ടി തന്നെ പൊലീസുകാർ ആക്രമിച്ചു എന്നു പറയുകയാണ് സമരക്കാർ. ചുവന്ന മഷി ഷർട്ടിൽ പുരട്ടി അക്രമിച്ചുവെന്നു വരുത്താനാണ് യൂത്ത് കോൺഗ്രസ് ശ്രമം. സർക്കാർ ചർച്ച തുടങ്ങിയതിനാൽ യൂത്ത് കോൺഗ്രസ് സമരം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഈ പരാമർശം സഭയെ പ്രക്ഷുബ്ധമാക്കി. പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി കുത്തിയിരുന്ന് പ്രതിഷേധിച്ചു. അതിനിടെ, പറയാനുള്ളത് ബഹളം വച്ചാലും പറയുമെന്നു മുഖ്യമന്ത്രി ആവർത്തിച്ചു. സ്വാശ്രയകരാറില്‍നിന്ന് പിന്നോട്ടില്ലെന്നും നീറ്റ് മെറിറ്റ് ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

നിയമസഭയില്‍ ബാനറുകളുമായി വരുന്നത് മാധ്യമങ്ങളുടെ ശ്രദ്ധ കിട്ടുന്നതിന് വേണ്ടിയാണ്. തന്നെ കരിങ്കൊടി കാണിച്ചത് ഏതോ ചാനലുകാര്‍ വാടകയ്ക്ക് എടുത്തവരാണെന്നും പിണറായി പറഞ്ഞു

പിണറായിയുടെ സംസാരം തെരുവിൽ സംസാരിക്കുന്നതുപോലെയാണെന്നു മറുപടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പിണറായിയുടെ സർട്ടിഫിക്കറ്റ് യൂത്ത് കോൺഗ്രസിന് ആവശ്യമില്ല. മഹാൻമാർ ഇരുന്ന കസേരയിലാണ് പിണറായി ഇരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Trending News