തിരുവനന്തപുരം: ചലച്ചിത്ര സംവിധായകനും മുൻ എം.എൽ.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ തുടർനടപടികളുമായി പോലീസ്. പരാതിക്കാരിയായ വനിതാ ചലച്ചിത്ര പ്രവർത്തകയുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ അന്വേഷണസംഘം തീരുമാനിച്ചു.
കഴിഞ്ഞ മാസം ആറിന് നടന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള (ഐഎഫ്എഫ്കെ) മലയാള സിനിമകളുടെ സെലക്ഷൻ നടപടിക്കിടെ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തക പരാതി നൽകിയിരിക്കുന്നത്. സെലക്ഷൻ കമ്മിറ്റി അധ്യക്ഷനായിരുന്ന പി.ടി. കുഞ്ഞുമുഹമ്മദ്, തലസ്ഥാനത്തെ ഹോട്ടലിൽ താമസിച്ചിരുന്ന ജൂറി അംഗമായ പരാതിക്കാരിയുടെ മുറിയിലെത്തി അപമര്യാദയായി പെരുമാറിയെന്നാണ് ആക്ഷേപം.
സ്ത്രീത്വത്തെ അപമാനിച്ചതുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ചലച്ചിത്ര പ്രവർത്തക മുഖ്യമന്ത്രിക്ക് നേരിട്ട് നൽകിയ പരാതി, കൻ്റോൺമെൻ്റ് പോലീസിന് കൈമാറുകയായിരുന്നു. സംഭവസമയം നടന്ന കാര്യങ്ങൾ വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.
പരാതിക്കാരിയുടെ വിശദമായ മൊഴിയോടൊപ്പം പി.ടി. കുഞ്ഞുമുഹമ്മദിൻ്റെ മൊഴിയും അന്വേഷണസംഘം ഉടൻ രേഖപ്പെടുത്തും. തനിക്കെതിരായ പരാതി പി.ടി. കുഞ്ഞുമുഹമ്മദ് നിഷേധിച്ചു. താൻ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും, പരാതിക്കാരിക്ക് തെറ്റിദ്ധാരണ ഉണ്ടായതാകാം എന്നുമാണ് കുഞ്ഞുമുഹമ്മദിന്റെ വിശദീകരണം. സംഭവിച്ചതിൽ ഖേദമുണ്ടെന്നും മാപ്പ് പറയാൻ തയ്യാറാണ് എന്നും തനിക്കെതിരെ ഇതിന് മുൻപ് ഒരു പരാതിയും ഉണ്ടായിട്ടില്ലെന്നും പിടി കുഞ്ഞുമുഹമ്മദ് കൂട്ടിച്ചേർത്തു. ഡിസംബർ 13-നാണ് 30-ാമത് രാജ്യാന്തര ചലച്ചിത്രമേള ആരംഭിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









