വാഹനം നശിപ്പിച്ചു; യൂണിവേഴ്സിറ്റി കോളേജില്‍ വീണ്ടും അക്രമം

അധ്യാപകരുടെ നേര്‍ക്ക് തട്ടിക്കയറിയ വിദ്യാര്‍ത്ഥികള്‍ കോളേജിന്‍റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.  

Ajitha Kumari | Updated: Dec 3, 2019, 10:28 AM IST
വാഹനം നശിപ്പിച്ചു; യൂണിവേഴ്സിറ്റി കോളേജില്‍ വീണ്ടും അക്രമം

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വീണ്ടും അക്രമം. അധ്യാപകര്‍ക്ക് നേരെയാണ് എസ്എഫ്ഐ പ്രവര്‍ത്തകരുടെ അതിക്രമം നടന്നത്.

അധ്യാപകരുടെ നേര്‍ക്ക് തട്ടിക്കയറിയ വിദ്യാര്‍ത്ഥികള്‍ കോളേജിന്‍റെ ജനല്‍ച്ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു. മാത്രമല്ല സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്‌മെന്റിലെ അധ്യാപകരുടെ വാഹനങ്ങള്‍ കേടുവരുത്തുകയും ചെയ്തു. 

അച്ചടക്ക സമിതി റിപ്പോർട്ടിനെ തുടർന്നായിരുന്ന ആക്രമണം. ഗേറ്റ് പൂട്ടി പ്രതിഷേധിച്ചതിനെതിരെ കോളേജ് അച്ചടക്ക സമിതി എസ്എഫ്ഐക്കെതിരെ റിപ്പോർട്ട് നൽകിയതിനുള്ള പ്രതിഷേധമായിരുന്നു പ്രവര്‍ത്തകര്‍ നടത്തിയത്.

പ്രിന്‍സിപ്പലിന്‍റെ ചുമതലയുണ്ടായിരുന്ന വൈസ് പ്രിന്‍സിപ്പലിന്‍റെയും വിവിധ വിഭാഗം മേധാവികളുടെയും, അധ്യാപകരുടെയും മുന്നിലായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം.

പരീക്ഷ കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടികളടക്കമുള്ളവരെ ഭീഷണിപ്പെടുത്തുകയും വിരട്ടിയോടിക്കുകയും ചെയ്തു. ആണ്‍കുട്ടികളെ ഇനിയും മര്‍ദ്ദിക്കുമെന്നും പെണ്‍കുട്ടികളെ കള്ളക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി.

അക്രമികളായ വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ സംഭവത്തില്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന്‍ യൂണിവേഴ്സിറ്റി കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.സുബ്രഹ്മണ്യം പറഞ്ഞു.

അച്ചടക്ക സമിതിയിലെ അംഗങ്ങളായ സ്റ്റാറ്റിറ്റിക്സ് തലവൻ സോമശേഖരൻ, മാത്‍സ് ഡിപ്പാർട്ട്മെന്റ് തലവൻ ബാബു എന്നിവരുടെ വാഹനമാണ് എസ്സ്എഫ്ഐ പ്രവര്‍ത്തകര്‍ തകർത്തത്.

ഇവര്‍ രണ്ടുപേരും പ്രവര്‍ത്തകര്‍ക്കെതിരെ മൊഴി നല്‍കിയിരുന്നു. കോളേജ് അവധിയായിരുന്ന തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. വിദ്യാര്‍ത്ഥി സംഘര്‍ഷത്തെ തുടര്‍ന്ന്‍ അടച്ച കോളേജ് ഇന്ന് തുറക്കാനിരിക്കെയാണ് വീണ്ടും ആക്രമണങ്ങള്‍ അരങ്ങേറിയിരിക്കുന്നത്.

അതുകൊണ്ടുതന്നെ കോളേജില്‍ വീണ്ടും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തുന്ന കാര്യവും ആലോചനയിലാണ്.