ഷഹ്‌ലയുടെ മരണം: എസ്.എഫ്.ഐ-കെ.എസ്.യു മാര്‍ച്ചുകളില്‍ സംഘര്‍ഷം

പ്രതിഷേധക്കാര്‍ പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാവുകയും ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശുകയും ചെയ്തു.   

Last Updated : Nov 22, 2019, 02:33 PM IST
ഷഹ്‌ലയുടെ മരണം: എസ്.എഫ്.ഐ-കെ.എസ്.യു മാര്‍ച്ചുകളില്‍ സംഘര്‍ഷം

വയനാട്: സുൽത്താൻ ബത്തേരിയിലെ ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്കൂളിലെ ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റ് ഷഹ്‌ല ഷെറിന്‍ എന്ന വിദ്യാർത്ഥിനി മരിച്ച സംഭവത്തില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

വയനാട് കളക്ടറേറ്റിലേയ്ക്ക് എസ്.എഫ്.ഐയും കെ.എസ്.യുവും നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം ഉണ്ടായത്. പ്രതിഷേധക്കാര്‍ പൊലീസുമായി വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാവുകയും ഇരച്ചുകയറിയ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിവീശുകയും ചെയ്തു. 

പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി ആദ്യം എത്തിയത്. കളക്ടറേറ്റിന്‍റെ രണ്ടാമത്തെ ഗേറ്റുവഴി പ്രവര്‍ത്തകര്‍ അകത്തുകടക്കുകയായിരുന്നു. ആ സമയം ഇവരെ തടയാനുള്ള പൊലീസ് ഉണ്ടായിരുന്നില്ല.

ഇവരുടെ പിന്നാലെ കെ.എസ്.യു. പ്രവര്‍ത്തകരും പ്രതിഷേധവുമായി വന്നു. കളക്ടറേറ്റില്‍ കടന്ന കെ.എസ്.യു പ്രവര്‍ത്തകര്‍ ഡി.ഡി ഓഫീസിനു മുന്നില്‍ കിടന്ന്‍ പ്രതിഷേധിച്ചു. 

ഒടുവില്‍ കാര്യങ്ങള്‍ നിയന്ത്രിക്കാനാവാത്ത അവസ്ഥയിലായ പൊലീസ് പ്രതിഷേധക്കാരെ ലാത്തി വീശി ഓടിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. 

സ്കൂൾ നവീകരണത്തിനായി സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപ വിനിയോഗിക്കുന്നതിൽ ഐസി ബാലകൃഷ്ണൻ എംഎൽഎ വീഴ്ച വരുത്തിയെന്ന്‍ സമരക്കാര്‍ ആരോപിച്ചു. എന്നാല്‍ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന് എംഎല്‍എ പറഞ്ഞു.

Trending News