ശബരിമല സ്ത്രീ പ്രവേശനം: ഹര്‍ത്താല്‍ ആഹ്വാനം ശിവസേന പിന്‍വലിച്ചു

സംസ്ഥാനത്ത് പ്രളയവും കൊടുങ്കാറ്റും ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഹര്‍ത്താല്‍ പിന്‍വലിക്കുന്നതെന്ന് ശിവസേന പറഞ്ഞു   

Last Updated : Sep 30, 2018, 07:58 AM IST
ശബരിമല സ്ത്രീ പ്രവേശനം: ഹര്‍ത്താല്‍ ആഹ്വാനം ശിവസേന പിന്‍വലിച്ചു

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ അപലപിച്ച് ശിവസേന ഇന്ന് നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു. പകരം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. 

സംസ്ഥാനത്ത് പ്രളയവും കൊടുങ്കാറ്റും ആവര്‍ത്തിക്കാന്‍ സാധ്യതയുള്ളതിനാലാണ് ഹര്‍ത്താല്‍ പിന്‍വലിക്കുന്നതെന്ന് ശിവസേന പറഞ്ഞു മാത്രമല്ല  പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കാതിരിക്കാനും കൂടിയാണ് ഹര്‍ത്താല്‍ പിന്‍വലിച്ചതെന്നാണ് കേരള രാജ്യപ്രമുഖ് എം.എസ്. ഭുവനചന്ദ്രന്‍ അറിയിച്ചത്.

ആചാരാനുഷ്ഠാനങ്ങള്‍ മനസ്സിലാക്കാതെ യുക്തിയുടെ അടിസ്ഥാനത്തിലുള്ളതാണു കോടതി വിധിയെന്നു ഭുവനചന്ദ്രന്‍ പറഞ്ഞു. ഭരണഘടനയെക്കാള്‍ പഴക്കമുള്ളതാണ് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍. ആരാധനയും പൂജാവിധികളും എങ്ങനെ വേണമെന്നു ഭരണഘടനയിലില്ല. ക്ഷേത്ര തന്ത്രിക്കും ആചാര്യന്‍മാര്‍ക്കുമാണ് അതു നിശ്ചയിക്കാനുള്ള അവകാശം. 

വിവിധ മതവിശ്വാസികളുടെ ആരാധനാ കേന്ദ്രമാണു ശബരിമല. അഞ്ചംഗ ബെഞ്ചിലെ ഒരു ജഡ്ജി തന്നെ തീരുമാനത്തോടു വിയോജിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യ സര്‍വകലാശാല, വെറ്ററിനറി, കാര്‍ഷിക സര്‍വകലാശാലകളുടെ പരീക്ഷകളൊന്നും മാറ്റിവെച്ചിട്ടില്ല. മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്.

Trending News