തിരുവനന്തപുരം: വ്യവസായ വകുപ്പിനുകീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള സിഡ്‌കോ കരസ്ഥമാക്കിയത് ചരിത്രനേട്ടം. കഴിഞ്ഞ സാമ്പത്തികവർഷത്തിലാണ് സിഡ്കോ ചരിത്രനേട്ടം സ്വന്തമാക്കിയത്. പ്രവർത്തനലാഭം ഇരട്ടിയാക്കിയും വിറ്റുവരവ് ഒൻപതു വർഷത്തെ ഏറ്റവും ഉയർന്ന തുകയായ 238 കോടിയിൽ എത്തിച്ചുമാണ് സിഡ്കോ വൻ നേട്ടം കരസ്ഥമാക്കിയത്.
2024-25ൽ 2.83 കോടി രൂപയുടെ പ്രവർത്തന ലാഭമാണ് സിഡ്കോ കൈവരിച്ചത്. മുൻ സാമ്പത്തിക വർഷം 202 കോടിയുടെ വിറ്റുവരവും 1.41 കോടി രൂപയുടെ പ്രവർത്തനലാഭവുമായിരുന്നു. തുടർച്ചയായ മൂന്നാം വർഷവും 200 കോടി രൂപയ്ക്കുമേൽ വിറ്റുവരവ് നേടാൻ സിഡ്കോയ്ക്ക് കഴിഞ്ഞത് എം.എസ്.എം.ഇ യൂണിറ്റുകൾക്ക് പ്രചോദനവും പ്രോത്സാഹനവുമാകുമെന്ന് വ്യവസായ വകുപ്പു മന്ത്രി പി. രാജീവ് പറഞ്ഞു.
സംസ്ഥാന വ്യവസായ വകുപ്പിന്റെ വ്യവസായ സൗഹൃദ നയം ഫലപ്രദമായി നടപ്പിലാക്കിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു. പൂർണമായും രൂപീകരണോദ്ദേശ്യത്തിന് അനുസൃതമായ രീതിയിൽ സിഡ്കോയുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സിഡ്‌കോയുടെ അസംസ്കൃത പദാർഥ വിപണന വിഭാഗം നേടിയ വിറ്റുവരവായ 156.61 കോടി രൂപ കഴിഞ്ഞ ഒൻപതു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തുകയാണ്.
കഴിഞ്ഞ വർഷം 60 വ്യവസായ എസ്റ്റേറ്റുകളിലായി 1470 യൂണിറ്റുകളുള്ള വ്യവസായ എസ്റ്റേറ്റ് ഡിവിഷൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിറ്റുവരവായ 14.56 കോടി രൂപയാണ് നേടിയത്. 50 കോടി രൂപയുടെ വിറ്റുവരവിലൂടെ 264 എംഎസ്എംഇ യൂണിറ്റുകൾക്ക് വിപണനസഹായം നൽകാൻ കഴിഞ്ഞ സാമ്പത്തിക വർഷം സിഡ്കോയ്ക്ക് കഴിഞ്ഞതായി ചെയർമാൻ സി.പി. മുരളി പറഞ്ഞു.
സിഡ്കോ രൂപീകരിച്ച് അര നൂറ്റാണ്ട് പൂർത്തിയാകുകയാണെന്നും സുവർണജൂബിലി വർഷത്തിൽ സിഡ്കോയ്ക്ക് സ്വന്തമായി തിരുവനന്തപുരം പാപ്പനംകോട് ആസ്ഥാനമന്ദിരം യാഥാർഥ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു. സിഡ്‌കോയുടെ ഒളവണ്ണ ടൂൾ റൂം വഴി ഇന്ത്യയുടെ അഭിമാന പദ്ധതിയായ ‘ഗഗൻയാനി’ലേക്ക് ഏകദേശം രണ്ടു കോടി രൂപ ചെലവുവരുന്ന ഭാഗങ്ങൾ നിർമിച്ചുകൊടുത്തിരുന്നു.
ചന്ദ്രയാൻ മൂന്നിന് ആവശ്യമായ ഉപകരണങ്ങൾ നിർമിക്കുന്നതിലും സിഡ്കോ പങ്കാളിയായി. ആർ. ജയശങ്കർ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റശേഷം ചെറുകിട സംരംഭങ്ങളുടെ ഉന്നമനത്തിനായി പ്രത്യേകമായ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തുവരികയാണ്. കേരളത്തിലുടനീളം സിഡ്കോയ്ക്ക് കീഴിൽ 60 വ്യവസായ എസ്റ്റേറ്റുകളും 14 റോ മെറ്റിരിയൽ ഡിപ്പോകളും 14 മാർക്കറ്റിംഗ് ഔട്ട് ലെറ്റുകളും 9 പ്രൊഡക്ഷൻ യൂണിറ്റുകളുമുണ്ട്.
വ്യവസായ എസ്‌റ്റേറ്റുകളിൽ പ്രവർത്തനരഹിതമായി കിടന്ന യൂണിറ്റുകളും ഷെഡ്ഡുകളും നിയമാനുസൃതം തിരികെ എടുത്തതിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം 116.28 സെന്റ് ഭൂമി ജില്ലാതല ലാൻഡ് അലോട്ട്‌മെന്റ് വഴി അഞ്ച് പുതിയ വ്യവസായികൾക്ക് അനുവദിക്കുകയും അങ്ങനെ 7.17 കോടി രൂപയുടെ വരുമാനം കണ്ടെത്തുകയും ചെയ്തു.
സംസ്ഥാനസർക്കാരിന്റെ പിന്തുണയോടെ ചെറുകിട വ്യവസായ മേഖലയുടെ ഉന്നമനം സാധ്യമാക്കാനുള്ള നടപടികൾക്ക് തീവ്രശ്രമം നടത്തുമെന്ന് എം.ഡി ആർ. ജയശങ്കർ വ്യക്തമാക്കി. വിവിധ കേന്ദ്ര- സംസ്ഥാന പദ്ധതികളുടെ ഗുണം സംസ്ഥാനത്തെ ചെറുകിട വ്യവസായ മേഖലയ്ക്ക് ഉറപ്പാക്കുന്നതിനും സംരംഭകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മുൻഗണന നൽകുമെന്നും ചെറുകിട വ്യവസായ സംരംഭകർക്ക് ആവശ്യമായ അസംസ്കൃത പദാർഥങ്ങൾ സിഡ്കോ മുഖാന്തിരം പരമാവധി ലഭ്യമാക്കുന്നതിനും ഏറ്റവും സുതാര്യമായ രീതിയിൽ സംരംഭകർക്ക് വിപണന സഹായം നൽകുന്നതിനും നടപടികൾ സ്വീകരിക്കുമെന്നും ആർ ജയശങ്കർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apps.apple.com/us/app/zee-malayalam-news/id1634552220 . Android Link- https://play.google.com/store/apps/details?id=com.indiadotcom.zeemalayalam
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









