കോഴിക്കോട്/കൊച്ചി: പൊട്ടിത്തെറിയുണ്ടായ എംവി വാൻഹായ് 503 കപ്പലിലെ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണെന്ന് കോസ്റ്റ് ഗാർഡ് ഡിഐജി. തീ പടർന്ന് കൊണ്ടിരിക്കുകയാണെന്നും കോസ്റ്റ് ഗാർഡ് ഷിപ്പുകൾക്ക് കപ്പലിന് അടുത്തേക്ക് നീങ്ങാൻ സാധിക്കുന്നില്ലെന്നുമാണ് വിവരം. കപ്പലിൽ ഉണ്ടായിരുന്ന കണ്ടെയ്നറുകൾ കടലിലേക്ക് വീഴുന്നതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു. കപ്പൽ പൂർണമായും തീ വിഴുങ്ങിയ അവസ്ഥയിലാണെന്നാണ് കോസ്റ്റ് ഗാർഡ് അറിയിക്കുന്നത്. രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരും.
കപ്പലിലുണ്ടായിരുന്ന 22 പേരിൽ 18 പേരെ രക്ഷപ്പെടുത്തിയിരുന്നു. ഇവരെ നിലവിൽ നാവികസേന കപ്പലായ ഐഎൻഎസ് സൂറത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. അപകടത്തിൽ പൊള്ളലേറ്റ 5 പേരിൽ 2 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മംഗലാപുരത്ത് കൊണ്ടുപോകുകയാണ്. 10 മണിയോടെ 18 പേരെയും മംഗലാപുരം തുറമുഖത്ത് എത്തിക്കുമെന്നാണ് വിവരം. കാണാതായ 4 പേർക്കായി തിരച്ചിൽ തുടരുകയാണ്.
അതേസമയം കപ്പലിലുണ്ടായിരുന്ന 157 കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കൾ ഉണ്ടെന്നാണ് റിപ്പോർട്ട്. ആസിഡ്, ഗൺപൗഡർ, ലിഥിയം, ബാറ്ററികൾ അടക്കം തനിയെ തീ പിടിക്കുന്ന നിരവധി വസ്തുക്കൾ കണ്ടെയ്നറിലുണ്ട്. കൊളംബോയിൽ നിന്ന് നവി മുംബൈയിലേക്ക് പോയ എംവി വാൻഹായ് 503 കപ്പലാണ് അപകടത്തിൽപെട്ടത്. അഴീക്കലിനും തലശ്ശേരിക്കുമിടയിൽ പുറംകടലിലാണ് ചരക്ക് കപ്പൽ തീപിടിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.