ലോകം കണ്ട അത്ഭുതങ്ങളില്‍ ഒന്നായി മാറും വനിതാ മതില്‍: വെള്ളാപ്പള്ളി നടേശന്‍

വനിതാമതിലിനെ പൊളിക്കാന്‍ പലതലങ്ങളില്‍ ശ്രമം നടക്കുന്നു. എന്നാല്‍ ഇതൊന്നും വിലപ്പോകില്ല.   

Last Updated : Dec 31, 2018, 05:15 PM IST
ലോകം കണ്ട അത്ഭുതങ്ങളില്‍ ഒന്നായി മാറും വനിതാ മതില്‍: വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: ലോകം കണ്ട അത്ഭുതങ്ങളില്‍ ഒന്നായി മാറും നാളത്തെ വനിതാ മതിലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനിതാമതിലിനെ പൊളിക്കാന്‍ പലതലങ്ങളില്‍ ശ്രമം നടക്കുന്നു. എന്നാല്‍ ഇതൊന്നും വിലപ്പോകില്ല. വനിതാ മതില്‍ വന്‍ വിജയമാകും. ലോകം കണ്ട അത്ഭുതമായി മതില്‍ മാറുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഒരു മാസമായി ഭരണസ്തംഭനമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു. മന്ത്രിമാരും ഉദ്യോഗസ്ഥരും ഒരു മാസമായി വനിത മതിലിന് പുറകെയാണ് എന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. മന്ത്രിസഭ പോലും ചേരാത്തത് അംഗീകരിക്കാന്‍ ആകില്ല. എന്തിനാണ് വനിതാ മതില്‍ എന്നതിന് ഇപ്പോഴും വ്യക്തത ഇല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ വനിതാമതില്‍ ശബരിമല വിധിയുടെ പശ്ചാത്തലത്തില്‍ തന്നെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളുടെ അവകാശം സംരക്ഷിക്കുക എന്നത് വര്‍ഗസമരത്തിന്‍റെ ഭാഗമാണ്. അത് കമ്മ്യൂണിസ്റ്റ് രീതിയാണെന്നും വനിതാ മതില്‍ വന്‍മതിലാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

വനിതാമതിലിനെ എതിര്‍ക്കുന്ന എന്‍എസ്എസിനെ പരോക്ഷമായി പിണറായി വിജയന്‍ വിമര്‍ശിച്ചു. നവോത്ഥാന പാരമ്പര്യം ഉള്ള ഒരു സംഘടന അയ്യപ്പ ജ്യോതിയെ പിന്തുണച്ചു. ഏതില്‍ നിന്നൊക്കെ സമദൂരം എന്ന് പരിശോധിക്കണം. വനിതാ മതിലിന്‍റെ കാര്യത്തില്‍ സംഘടനയ്ക്ക് ഇരട്ടത്താപ്പാണെന്നും എന്‍എസ്എസിനെ പേരെടുത്ത് പറയാതെ പിണറായി വിജയന്‍ വിമര്‍ശിച്ചു.

Trending News