ദുരിതാശ്വാസ ക്യാമ്പിലും ട്രോള്‍ കണ്ണന്താനത്തിന് തന്നെ!

ദുരിതാശ്വാസ ക്യാമ്പില്‍ അന്തിയുറങ്ങുന്ന ചിത്രം ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ട്രോളന്മാരുടെ പൊങ്കാല.

Last Updated : Aug 22, 2018, 01:43 PM IST
ദുരിതാശ്വാസ ക്യാമ്പിലും ട്രോള്‍ കണ്ണന്താനത്തിന് തന്നെ!

കോഴിക്കോട്: ദുരിതാശ്വാസ ക്യാമ്പില്‍ അന്തിയുറങ്ങുന്ന ചിത്രം ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ട്രോളന്മാരുടെ പൊങ്കാല.

'ചങ്ങനാശ്ശേരി എസ്.ബി ഹൈസ്‌കൂളിലെ ക്യാമ്പില്‍' എന്ന തലക്കെട്ടോടെ മന്ത്രി പങ്ക് വെച്ച ഒരു ചിത്രത്തിനാണ് സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനം നേരിടേണ്ടി വരുന്നത്. 

മന്ത്രിയുടെ വെരിഫൈഡ് ഫേസ്ബുക്ക്‌ പേജിലൂടെയാണ് വ്യത്യസ്ത പോസുകളില്‍ കിടന്നുറങ്ങുന്ന ചിത്രങ്ങള്‍ പങ്ക് വെച്ചിരിക്കുന്നത്. മറ്റുള്ളവര്‍ക്കൊപ്പം നിലത്ത് ഷീറ്റില്‍ കിടന്നുറങ്ങുന്ന മന്ത്രിയുടെ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടതോടെ പോസ്റ്റിന്‍റെ കമന്‍റ് ബോക്സില്‍ ട്രോളുകളുടെ പെരുമഴയാണ്.  6000 പേരാണ് ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്തത്.

"നന്ദി ഫേസ്ബുക്ക് ഒരായിരം നന്ദി. നമ്മള്‍ ഉറങ്ങുമ്പോള്‍ നാം അറിയാതെതന്നെ ഉറങ്ങുന്ന ഫോട്ടോ അപ്ലോഡ് ആകുന്ന ഫീച്ചര്‍ പുറത്തിറക്കിയതിന്. നന്ദി കണ്ണന്താനംജീ ഒരായിരം നന്ദി. ഈ ഫീച്ചര്‍ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയതിന്.''

''ആദ്യം സാര്‍ ഉറങ്ങി അപ്പോള്‍ ആരോ ഫോട്ടോ എടുത്തു കുറച്ചു കഴിഞ്ഞപ്പോള്‍ ഉണര്‍ന്നു അപ്പോള്‍ ആ ഫോട്ടോ സെന്‍റ് ചെയ്തു വാങ്ങി എന്നിട്ട് പേജില്‍ ഇട്ടു. എന്നിട്ട് പിന്നേം കിടന്നുറങ്ങി. ഇതിനാണോ ഇത്രയും.? ഉറങ്ങാനും സമ്മതിക്കൂല്ലേ.''

''ശരിക്കും നന്നിയുണ്ട് സാര്‍ (ട്രോളല്ല). പ്രളയ ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട് നില്‍ക്കുന്ന കേരളത്തിലെ ജനങ്ങളെ ഒന്നടങ്കം ഇങ്ങനെ അറഞ്ചം പുറഞ്ചം ചിരിപ്പിച്ചില്ലെ. ജംബോ സര്‍ക്കസിലെ കോമാളികള്‍ക്ക് പോലും സാധിക്കാത്തതാണ് അങ്ങ് ചെയ്ത ഈ മഹത്തായ സേവനം.''

''പ്രിയ കണ്ണന്താനം സര്‍, സാര്‍ പഠിച്ചതും വളര്‍ന്നതും ഒക്കെ കേരളത്തില്‍ തന്നെ അല്ലെ. മലയാളികളെ കുറിച്ച് ഇങ്ങനെ ആണോ കരുതി ഇരിക്കുന്നത്. ഇതൊക്കെ കാണുമ്പോള്‍ സാറിന്‍റെ സിംപ്ലിസിറ്റിയെ പറ്റി ആളുകള്‍ ഘോരഘോരം പ്രസംഗിക്കും എന്ന് കരുതുയോ. സാറിന് പാടെ തെറ്റി. ഇത്രേം ദിവസം നിങ്ങള്‍ ചെയ്ത നല്ല കാര്യങ്ങളെ പോലും നാണിപ്പിക്കുന്നത് ആയി ഈ ചീപ്പ് ഷോ ഓഫ്. പേജ് കൈകാര്യം ചെയ്യുന്ന ആ ചെറുപ്പക്കാരനോട് പറയൂ, കുറച്ചൂടി കോമണ്‍ സെന്‍സ് കാണിക്കാന്‍. ഇതിന്‍റെ ഒന്നും ഒരു ആവശ്യവും ഇല്ലായിരുന്നു.'' തുടങ്ങി നിരവധി കമന്‍റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. 

എന്നാല്‍, കേരളത്തിലെ പ്രളയ ബാധിതര്‍ക്കൊപ്പം രാത്രി ക്യാമ്പിലാണ് കഴിച്ചുകൂട്ടിയതെന്നും ഇതിനിടയില്‍ തന്‍റെ ഫേസ്ബുക്ക്‌ കൈക്കാര്യം ചെയ്യുന്ന പേഴ്‌സണല്‍ സ്റ്റാഫാണ് ഉറങ്ങുന്ന ഫോട്ടോയെടുത്ത് പോസ്റ്റ് ചെയ്തതെന്നുമാണ് മന്ത്രി പറയുന്നത്. ദുരിതബാധിതര്‍ക്ക് ഒപ്പം ഏറെ സമയം ചെലവിടാനും അവരുടെ ദുഃഖത്തില്‍ അവരെ ആശ്വസിപ്പിക്കുവാനും സാധിച്ചുവെന്നും അദേഹം വ്യക്തമാക്കി. 

Trending News