)
തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ മീഡിയ ഫെസ്റ്റിവല്‍ ഓഫ് കേരളയുടെ ഭാഗമായി പലസ്തീന് ഐക്യദാര്‍ഢ്യം സംഘടിപ്പിച്ചു. കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ മീഡിയ ഫെസ്റ്റിവലിലായിരുന്നു ഐക്യദാര്‍ഢ്യം സംഘടിപ്പിച്ചത്. 'പട്ടങ്ങള്‍ പറന്നുയരുന്നു; പലസ്തീനും' (Kites Rise, So will Paleastine) എന്നു രേഖപ്പെടുത്തിയ ബലൂണുകളും പട്ടങ്ങളും പറത്തിയായിരുന്നു പരിപാടിയുടെ ഉദ്ഘാടനം. ധനമന്ത്രി കെഎന്‍ ബാലഗോപാലും ഇന്ത്യയിലെ പലസ്തീന് അംബാസഡര്‍ അബ്ദുള്ള അബു ഷ്വേഷും മറ്റു വിശിഷ്ടാതിഥികളും ചേര്‍ന്നാണ് ഉദ്ഘാടനം നിർവഹിച്ചത്.
ഇസ്രയേലിന്റെ ഭാഗത്തുനിന്നും പാശ്ചാത്യ മാധ്യമങ്ങളുടെ ഭാഗത്തു നിന്നും പലസ്തീന് നേരിടുന്ന പ്രൊപ്പഗാന്‍ഡാ വാര് നേരിട്ടുള്ള യുദ്ധം പോലെത്തന്നെ ഭീകരമാണെന്ന് പലസ്തീന് അംബാസഡര്‍ അബ്ദുള്ള അബു ഷ്വേഷ് പറഞ്ഞു. ജനങ്ങളില്ലാത്ത നാട്, നാടില്ലാത്ത ജനങ്ങള്‍ എന്നുള്ള സയണിസ്റ്റ് പ്രചാരണം പാശ്ചാത്യ മാധ്യമങ്ങള്‍ ഏറ്റുപിടിക്കുകയാണെന്നും അവര്‍ തങ്ങളെ ക്രൂരരും അന്ധവിശ്വാസികളും ഭീകരരുമായി ചിത്രീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനികള്‍ എന്നൊരുവിഭാഗമില്ല, അത് സൃഷ്ടിക്കപ്പെട്ടതാണെന്ന അമേരിക്കന്‍ നയതന്ത്ര പ്രതിനിധിയുടെ അഭിപ്രായത്തെ ചോദ്യം ചെയ്യാന്‍പോലും പാശ്ചാത്യമാധ്യമങ്ങള്‍ തയാറായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പലസ്തീനെതിരായ പ്രചാരണത്തിന് സോഷ്യല്‍ മീഡിയയെയും അവര്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും ഗാസയിലടക്കം നടക്കുന്ന മനുഷ്യവിരുദ്ധമായ ക്രൂരത പ്രധാനമായും പുറംലോകമറിയുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനില്‍ നടക്കുന്ന സംഭവങ്ങളുടെ യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരുന്നതിനിടയില്‍ 252 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം നടത്തിയതിനാണ് അവര്‍ക്ക് ജീവന് ബലികൊടുക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. പലസ്തീനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച കേരളത്തോട് അദ്ദേഹം നന്ദി അറിയിച്ചു. പലസ്തീനെതിരായ സോഷ്യല്‍ മീഡിയ പ്രചാരണത്തെ പ്രതിരോധിക്കാന്‍ കേരളജനതയുടെ സഹായം അദ്ദേഹം അഭ്യര്‍ഥിക്കുകയും ചെയ്തു. ഗാസയിലെ യാഥാര്‍ഥ്യങ്ങള്‍ ലോകത്തെ അറിയിക്കാനുള്ള സോഷ്യല്‍ മീഡിയ ഇടപെടല്‍ കേരളജനതയുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, കേരളജനത ഹൃദയത്തില്‍നിന്ന് പലസ്തീന് ഊഷ്മളമായ അഭിവാദ്യം നേരുന്നുവെന്നും കേരളം പലസ്തീനൊപ്പമാണെന്നും പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ച ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. ഗാസയില്‍ മാധ്യമപ്രവര്‍ത്തനത്തിനിടെ കൊല്ലപ്പെട്ട 300ഓളം മാധ്യമപ്രവര്‍ത്തകര്‍ സമൂഹത്തിനും മനുഷ്യരാശിക്കും വേണ്ടി ജീവന് നല്കിയവരാണെന്നും ജനാധിപത്യത്തിനും മാനവികത്ക്കും വേണ്ടി അവര്‍ ചെയ്ത ത്യാഗം മറക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഏറ്റവും കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് പലസ്തീനിലാണെന്നാണ് കണക്കുകളെന്നും പലസ്തീനില്‍ നടക്കുന്ന മനുഷ്യവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ സ്വന്തം ജീവന് പണയംവച്ചാണ് അവര്‍ ലോകത്തെ അറിയിച്ചതെന്നും മന്ത്രി പറഞ്ഞു.
കേരള മീഡിയ അക്കാദമി ചെയര്മാന് ആര്‍എസ് ബാബു, ആര്‍കിടെക്റ്റ് പത്മശ്രീ ജി ശങ്കര്‍, കെയുഡബ്ല്യൂജെ പ്രസിഡന്റ് കെപി റജി, ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാള്‍, സെക്രട്ടറി അനുപമ ജി നായര്‍, മുന്‍ ജനറല്‍ സെക്രട്ടറി ആര് കിരണ്‍ബാബു, തുടങ്ങിയവര്‍ പങ്കെടുത്തു. ഫെസ്റ്റിവലിന്റെ ഭാഗമായി 'സല്യൂട്ട് ഗാസ' എന്ന പേരില്‍ ഫോട്ടോ എക്സിബിഷനും സംഘടിപ്പിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.