പട്ടിണി; ശ്രീദേവിയ്ക്കിനി പ്രതിമാസം 17,​000 രൂപ ശമ്പളം!

പട്ടിണി സഹിക്കാനാകാതെ മക്കളെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയ അമ്മയ്ക്ക് ജോലി നല്‍കി നഗരസഭാ. 

Updated: Dec 4, 2019, 04:18 PM IST
പട്ടിണി; ശ്രീദേവിയ്ക്കിനി പ്രതിമാസം 17,​000 രൂപ ശമ്പളം!

തിരുവനന്തപുരം: പട്ടിണി സഹിക്കാനാകാതെ മക്കളെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയ അമ്മയ്ക്ക് ജോലി നല്‍കി നഗരസഭാ. 

തിരുവനന്തപുരം കൈതമുക്കില്‍ റെയില്‍വേ പുറമ്പോക്കില്‍ താമസിച്ചിരുന്ന ശ്രീദേവിയ്ക്കാണ് നഗരസഭ ജോളി നല്‍കിയത്. 

നഗരസഭാ ആരോഗ്യ വിഭാഗത്തിലെ ശുചീകരണ തൊഴിലാളിയായാണ്‌ ശ്രീദേവിയെ താല്‍കാലികമായി നിയമിച്ചിരിക്കുന്നത്. 17,000 രൂപയാണ് പ്രതിമാസ ശമ്പളം.നഗരസഭാ മേയര്‍ നേരിട്ടെത്തിയാണ് ശ്രീദേവിയ്ക്ക് നിയമന ഉത്തരവ് നല്‍കിയത്. 

ആറു കുട്ടികളിൽ നാലു പേരെ ശിശുക്ഷേമ സമിതി ഏറ്റെടുത്തപ്പോൾത്തന്നെ ശ്രീദേവിക്ക് താത്കാലിക ജോലി നൽകുമെന്ന് മേയർ കെ. ശ്രീകുമാർ പറ‍ഞ്ഞിരുന്നു. 

വിശപ്പ് സഹിക്കാനാകാതെ കുട്ടികളില്‍ ഒരാള്‍ മണ്ണ് തിന്നുവെന്നും മദ്യപാനിയായ ഭര്‍ത്താവ് കുട്ടികളെ ഉപദ്രവിക്കാറുണ്ടെന്നും പറഞ്ഞ് ശ്രീഡേവി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നാല് കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തത്. 

അതേസമയം, ശിശുക്ഷേമ സമിതി ഏറ്റെടുത്ത കുട്ടികള്‍ക്ക് നടത്തിയ പരിശോധനയില്‍ ആരോഗ്യ സ്ഥിതി തൃപ്തികരമെന്നു കണ്ടെത്തി. എന്നാല്‍, പ്രായത്തിനൊത്ത തൂക്കം കുട്ടികള്‍ക്ക് ഇല്ല. പോഷകാഹാരക്കുറവും ഉണ്ട്. 

തിരുവനന്തപുരത്തെ മഹിളാമന്ദിരത്തിൽ കഴിയുന്ന അമ്മയേയും രണ്ട് കുട്ടികളെയും വെള്ളനാട് പുനലാലുള്ള ഡയിൽ വ്യൂ എന്ന മന്ദിരത്തിലേക്ക് മാറ്റും. ഇവര്‍ക്ക് താമസിക്കാന്‍ ഫ്ലാറ്റ് നല്‍കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്.

ടാര്‍പോളിന്‍ കെട്ടി മറച്ച കുടിലില്‍ ഭര്‍ത്താവിന്‍റെ തുച്ഛമായ വരുമാനത്തിലാണ് എട്ട് പേരടങ്ങുന്ന കുടു൦ബം കഴിഞ്ഞിരുന്നത്. ഇളയ കുട്ടികള്‍ക്ക് അമ്മയുടെ സാന്നിധ്യം അനിവാര്യമായതിനാലാണ് ശിശുക്ഷേമ സമിതി ഇവരെ ഏറ്റെടുക്കാതെയിരുന്നത്. ഒന്നര വയസും മൂന്ന് മാസവുമാണ് ഇളയ കുട്ടികളുടെ പ്രായം. 

ഇവരെയും നോക്കാന്‍ കഴിയാത്ത സാഹചര്യം വരികയാണെങ്കില്‍ ഈ കുട്ടികളെയും ശിശുക്ഷേമ സമിതി ഏറ്റെടുക്കു൦. നാലുകുട്ടികള്‍ക്കും 18 വയസ് പ്രായമാകുന്നതുവരെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാകുമുണ്ടാകുക.