മാര്‍ക്കിടാന്‍ പെന്‍സില്‍, മൊബൈല്‍ പാടില്ല..

ക്യാമ്പുകളില്‍ സമയം വിനിയോഗിക്കേണ്ടതെങ്ങനെയെന്നും അധ്യാപകര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. 

Updated: Mar 17, 2019, 10:55 AM IST
 മാര്‍ക്കിടാന്‍ പെന്‍സില്‍, മൊബൈല്‍ പാടില്ല..

തിരുവനന്തപുരം: മാര്‍ച്ച് 13ന് ആരംഭിച്ച എസ്എസ്എല്‍സി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ൦ ഏപ്രില്‍ അഞ്ചിന് ആരംഭിക്കും. 

രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെയാണ് മൂല്യ നിര്‍ണയ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുക. മെയ് രണ്ടിന് അവസാനിക്കുന്ന ക്യാമ്പുകള്‍ രണ്ട് ഘട്ടമായായിരിക്കും പ്രവര്‍ത്തിക്കുക. മൂല്യനിര്‍ണയം 14 ദിവസമുണ്ടാകും. 

ആദ്യഘട്ടം ഏപ്രില്‍ അഞ്ചിന് ആരംഭിച്ച് പതിമൂന്നിന് അവസാനിക്കും. രണ്ടാം ഘട്ടം 25ന് ആരംഭിച്ച് മെയ് രണ്ടിന് അവസാനിക്കും. ബാലാവകാശ കമ്മീഷന്‍റെ ഉത്തരവ് പ്രകാരമുള്ള നിര്‍ദേശങ്ങള്‍ ഇത് സംബന്ധിച്ച് അധ്യാപകര്‍ക്ക് കൈമാറി. 

ക്യാമ്പുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോ​ഗിക്കരുതെന്നും  ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം നടത്തുന്നവര്‍ പെന്‍സില്‍ ഉപയോഗിക്കണമെന്നും അധ്യാപകര്‍ക്ക് നിര്‍ദേശമുണ്ട്. 

ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷകളുടെ 36 ഉത്തരക്കടലാസുകളും രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷകളുടെ 24 ഉത്തരക്കടലാസുകളുമാണ് ഒരു ദിവസത്തെ മൂല്യനിര്‍ണയത്തിനായി അധ്യാപകര്‍ക്ക് നല്‍കുക. 

ക്യാമ്പുകളില്‍ സമയം വിനിയോഗിക്കേണ്ടതെങ്ങനെയെന്നും അധ്യാപകര്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. 

രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക്1.30 വരെയുള്ള സമയം മൂല്യ നിര്‍ണയത്തിനായും പിന്നീടുള്ള അരമണിക്കൂര്‍ മാര്‍ക്കുകള്‍ കൂട്ടുന്നതിനായും വിനിയോ​ഗിക്കണമെന്നുമാണ് നിര്‍ദ്ദേശം. 

മൂല്യ നിര്‍ണയത്തിനായി മുഴുവന്‍ സമയ൦ ഉപയോഗിക്കാതെ തട്ടിക്കൂട്ടി മാര്‍ക്കിട്ട് നേരത്തേ ഇറങ്ങുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

അസിസ്റ്റന്‍റ് എക്സാമിനര്‍ മൂല്യനിര്‍ണയം നടത്തിയ ഉത്തര പേപ്പറുകളില്‍ നിന്നും 20 ശതമാനം അഡീഷണല്‍ ചീഫ് എക്സാമിനര്‍മാര്‍ പുനര്‍മൂല്യ നിര്‍ണയം നടത്തും.