സംസ്ഥാനത്ത് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു

ശബരിമല വിഷയത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ കടുംപിടുത്തമാണ് മരണത്തിന് വഴിവച്ചതെന്നാണ് ബിജെപിയുടെ ആരോപണം.  

Updated: Dec 14, 2018, 08:48 AM IST
സംസ്ഥാനത്ത് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപി പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ 6 മണി മുതല്‍ വൈകീട്ട് 6 വരെയാണ് ഹര്‍ത്താല്‍. സെക്രട്ടേറിയറ്റിന് മുന്നിലെ ബിജെപിയുടെ സമരപ്പന്തലിനു സമീപം ആത്മഹത്യാശ്രമം നടത്തിയ തിരുവനന്തപുരം സ്വദേശി വേണുഗോപാലന്‍ നായര്‍ മരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍. 

ശബരിമല വിഷയത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ കടുംപിടുത്തമാണ് മരണത്തിന് വഴിവച്ചതെന്നാണ് ബിജെപിയുടെ ആരോപണം. എന്നാല്‍ മരണത്തിന് ശബരിമല വിഷയവുമായി ബന്ധമില്ലെന്നാണ് പൊലീസ് വിശദീകരണം. 

ഹര്‍ത്താലിന്‍റെ പശ്ചാത്തലത്തില്‍ ഇന്ന് നടത്താനിരുന്ന എല്ലാ സര്‍വ്വകലാശാല പരീക്ഷകളും മാറ്റിവച്ചു. ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ അര്‍ദ്ധവാര്‍ഷിക പരീക്ഷകള്‍ ഈ മാസം 21ലേക്ക് മാറ്റി

അതേസമയം ഹര്‍ത്താലിന്‍റെ പശ്ചാത്തലത്തില്‍ അക്രമത്തിന് മുതിരുകയോ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അക്രമം നടത്തുന്നവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കും. 

സാമാന്യ ജനജീവിതം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്ഥിതി ഗതികള്‍ നിരീക്ഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് റേഞ്ച് ഐജിമാരോടും സോണല്‍ എഡിജിപിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

സെക്രട്ടറിയേറ്റിലെ ബിജെപി സമരപ്പന്തലിന് മുന്നില്‍ ഇന്നലെ വെളുപ്പിനെ ആത്മഹത്യയ്ക്ക് ശ്രമിച്ച വേണുഗോപാലന്‍ നായര്‍ വൈകിട്ടോടെ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരത്തോടെ മരിക്കുകയായിരുന്നു. ബിജെപി നേതാവ് സി.കെ. പത്മനാഭന്‍റെ സമരപ്പന്തലിനു തൊട്ടുമുമ്പിലായിരുന്നു സംഭവം.

ഇയാള്‍ പെട്രോള്‍ ദേഹത്ത് ഒഴിക്കുന്നത് കണ്ട് സമരപ്പന്തലിലുള്ളവര്‍ പൊലീസിനെ വിളിക്കുന്നതിനിടെ തീ കൊളുത്തി ഇയാള്‍ സമരപ്പന്തലിന് സമീപത്തേക്ക് ഓടുകയായിരുന്നു. പൊലീസും ബിജെപി പ്രവർത്തകരും ചേർന്നു തീയണച്ച് അശുപത്രിയിൽ എത്തിച്ചു.