സംസ്ഥാന സർക്കാരിന്‍റെ മെഡിക്കൽ ഓർഡിനൻസ് ഭരണഘടനാ വിരുദ്ധം; സുപ്രീം കോടതി റദ്ദാക്കി

സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും അധികാരങ്ങളിൽ കൈകടത്തുന്നതാണ് വിധിയെന്നും സുപ്രീം കോടതി വിലയിരുത്തി

Updated: Sep 12, 2018, 12:18 PM IST
സംസ്ഥാന സർക്കാരിന്‍റെ മെഡിക്കൽ ഓർഡിനൻസ് ഭരണഘടനാ വിരുദ്ധം; സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി: കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളിലെ 180 വിദ്യാർഥികളെ പുറത്താക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് മറികടക്കാൻ സംസ്ഥാന സർക്കാർ കൊണ്ടുവന്ന മെഡിക്കൽ ഓർഡിനൻസ് സുപ്രീം കോടതി റദ്ദാക്കി. 

കോടതിയുടെ അവകാശങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റമാണ് ഓർഡിനൻസ് എന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയുടെ നടപടി.

സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും അധികാരങ്ങളിൽ കൈകടത്തുന്നതാണ് വിധിയെന്നും സുപ്രീം കോടതി വിലയിരുത്തി.

അതേസമയം ഓർഡിനൻസ് ഇറക്കിയതിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ വ്യക്തത നല്‍കിയില്ല. വിധിപ്പകർപ്പ് കിട്ടിയ ശേഷമേ ഇതു സംബന്ധിച്ച കാര്യങ്ങള്‍ ലഭ്യമാകൂ.

സംസ്ഥാന സർക്കാരിന്‍റെ മെഡിക്കൽ ഓർഡിനൻസിനെതിരെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വിധി.

എന്നാല്‍ സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ വിദ്യാർത്ഥി പ്രവേശനത്തിനെതിരെ മെഡിക്കൽ കൗൺസിൽ നൽകിയ ഹർജിയിൽ ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് അന്തിമവാദം കേൾക്കും. 

അൽ അസർ തൊടുപുഴ, ഡി.എം വയനാട്, പി.കെ ദാസ് പാലക്കാട്, എസ്.ആർ തിരുവനന്തപുരം എന്നീ മെഡിക്കൽ കോളേജുകളിലെ പ്രവേശനം സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.