തന്ത്രിക്കെതിരായ കോടതിയലക്ഷ്യ കേസ് അടിയന്തരമായി പരിഗണിക്കില്ല: സുപ്രീംകോടതി

ശബരിമല തന്ത്രിക്കെതിരായ കോടതിയലക്ഷ്യ കേസ് അടിയന്തരമായി പരിഗണിക്കാനാവില്ല എന്ന് സുപ്രീംകോടതി. 

Last Updated : Jan 3, 2019, 11:32 AM IST
തന്ത്രിക്കെതിരായ കോടതിയലക്ഷ്യ കേസ് അടിയന്തരമായി പരിഗണിക്കില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: ശബരിമല തന്ത്രിക്കെതിരായ കോടതിയലക്ഷ്യ കേസ് അടിയന്തരമായി പരിഗണിക്കാനാവില്ല എന്ന് സുപ്രീംകോടതി. 

തന്ത്രിക്കെതിരായ കോടതിയലക്ഷ്യ കേസ് അടിയന്തരമായി പരിഗണിക്കാനാവില്ല എന്നും ഭരണഘടനാ ബെഞ്ച് ഇടയ്ക്കിടെ ചേരാനാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം.

ശബരിമല തന്ത്രി കണ്ഠര് രാജീവര്, പന്തളം കൊട്ടാരത്തിലെ പി. രാമവര്‍മ രാജ എന്നിവര്‍ക്കെതിരെ എ.വി. വര്‍ഷയും ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള, ബി.ജെ.പി. നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍, നടന്‍ കൊല്ലം തുളസി എന്നിവര്‍ക്കെതിരെ ഗീനാ കുമാരിയുമാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. 

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന് തടസ്സം നിന്നുവെന്ന ഹര്‍ജിക്കൊപ്പം, യുവതികള്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് ആചാരലംഘനം നടന്നതിനാല്‍ ശുദ്ധികലശത്തിനായി ശബരമല നട അടയ്ക്കുകയും ചെയ്തത് കോടതിയലക്ഷ്യമാണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.

വിധിക്കെതിരായ പരാമര്‍ശങ്ങള്‍ ക്രിയാത്മകവിമര്‍ശനമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ ഹര്‍ജിക്ക് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി രജിസ്ട്രിയില്‍ നേരിട്ട് ഹര്‍ജികള്‍ ഫയല്‍ ചെയ്യുകയായിരുന്നു.

ശബരിമല വിധി വന്നയുടനെ, ആചാരലംഘനമുണ്ടായാല്‍ നടയടയ്ക്കണമെന്നാവശ്യപ്പെട്ട് തന്ത്രിക്ക് രാമവര്‍മ രാജ കത്തെഴുതിയെന്ന മാധ്യമ റിപ്പോര്‍ട്ടുകളാണ് കോടതിയലക്ഷ്യത്തിന് അടിസ്ഥാനമാക്കുന്നത്. യുവതികള്‍ കയറിയാല്‍ നടയടയ്‌ക്കേണ്ടിവരുമെന്ന തന്ത്രിയുടെ പ്രസ്താവനയും കോടതിയലക്ഷ്യമായി ചൂണ്ടിക്കാട്ടുന്നു.

വിധിക്കെതിരായ പരാമര്‍ശം നടത്തിയതിനാണ് പി.എസ്. ശ്രീധരന്‍ പിള്ള, മുരളീധരന്‍ ഉണ്ണിത്താന്‍, കൊല്ലം തുളസി എന്നിവര്‍ക്കെതിരേ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയത്. 

ഇന്നലെ പുലര്‍ച്ചെയാണ് രണ്ട് യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഏതുപ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ ദര്‍ശനം നടത്താമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബിന്ദുവും കനകദുര്‍ഗ്ഗയുമാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. 

 

 

Trending News