ശബരിമല യുവതീ പ്രവേശന വിധി: ഇന്ന് നിര്‍ണ്ണായകം...

ഏതുപ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്‍റെ സുപ്രധാന വിധിയില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന പുനഃപരിശോധനാ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും.  

Last Updated : Feb 6, 2019, 09:19 AM IST
ശബരിമല യുവതീ പ്രവേശന വിധി: ഇന്ന് നിര്‍ണ്ണായകം...

ന്യൂഡല്‍ഹി: ഏതുപ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്‍റെ സുപ്രധാന വിധിയില്‍ സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന പുനഃപരിശോധനാ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും.  

സുപ്രീം കോടതി വിധിയ്ക്കു ശേഷം ഈ സുപ്രധാന വിധിയില്‍ 56 പുനഃപരിശോധനാ ഹര്‍ജികളാണ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. കൂടാതെ തുറന്ന കോടതിയില്‍ ബദാം കേള്‍ക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. 

യുവതീ പ്രവേശന വിധിക്കെതിരായ എല്ലാ ഹര്‍ജികളും സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പുനഃപരിശോധനാ ഹര്‍ജികളും റിട്ടുകളും ഉള്‍പ്പെടെ 65 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുക. 

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാന്‍, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണ് വാദം കേള്‍ക്കുക. മുന്‍ അറ്റോര്‍ണി ജനറല്‍ കെ. പരാശരന്‍, മോഹന്‍ പരാശരന്‍, വി ഗിരി, ശ്യാം ദിവാന്‍, രാജീവ് ധവാന്‍ തുടങ്ങി ഒരു കൂട്ടം മുതിര്‍ന്ന അഭിഭാഷകര്‍ വാദ പ്രതിവാദങ്ങള്‍ക്ക് ഹാജരാകും.

അതേസമയം കോടതിയലക്ഷ്യ ഹര്‍ജികളൊന്നും ഇന്ന് പരിഗണിക്കില്ല. 

ഇന്നത്തെ കോടതി നടപടികൾക്ക് വലിയ രാഷ്ട്രീയ പ്രാധാന്യം കൂടിയുണ്ട്. ലോക്‌സഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഇന്നത്തെ കോടതി നടപടികള്‍ വളരെ നിര്‍ണായകമാകും.

സ്ത്രീ പ്രവേശനം അനുവദിച്ച സെപ്തംബര്‍ 28ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് അയ്യപ്പ ഭക്തരും, വിവിധ സംഘടനകളും തന്ത്രിയും നല്‍കിയ 56 ഹര്‍ജികള്‍, വിധിയിലെ മൗലികാവാശ ലംഘനങ്ങള്‍ അടക്കമുള്ളവ ചൂണ്ടിക്കാട്ടുന്ന 4 റിട്ട് ഹര്‍ജികള്‍, കേരള ഹൈക്കോടതിയിലെ കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച 2 ഹര്‍ജികള്‍, ശബരിമല നിരീക്ഷണ സമിതിക്കെതിരെയുളളതടക്കം 2 പ്രത്യേകാനുമതി ഹര്‍ജികള്‍, ദേവസ്വം ബോര്‍ഡിന്‍റെ ഒരു സാവകാശ ഹര്‍ജി എന്നിവയാണ് ഇന്ന് സുപ്രിം കോടതി പരിഗണിക്കുന്നത്. 

നിരവധി സാധ്യതകളാണ്  ഈ ഹര്‍ജികളില്‍ നിലനില്‍ക്കുന്നത്. വിധി പുനഃപരിശോധിക്കാന്‍ തീരുമാനിച്ചാല്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു തുടര്‍വാദ തീയതി നിശ്ചയിക്കും. മറിച്ചാണെങ്കില്‍ ഹര്‍ജികള്‍ തള്ളും. വിഷയം കൂടുതല്‍ പരിശോധനയ്ക്കായി ഏഴംഗ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിട്ടേക്കാം എന്നതാണ് മറ്റൊരു സാധ്യത. 

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിതെളിച്ചിരുന്നു. വിധി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കങ്ങള്‍ കായികമായി തന്നെ തടയാനുള്ള ശ്രമങ്ങളും ഉണ്ടായി. ശബരിമലയില്‍ ഇതിനകം യുവതികള്‍ പ്രവേശിച്ചിട്ടുണ്ട്. അതിനാല്‍ സുപ്രിം കോടതി വിധി നടപ്പായിക്കഴിഞ്ഞു എന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കാനും സാധ്യതയുണ്ട്. 

 

Trending News