വന്ദേഭാരത്‌ വിമാനങ്ങളില്‍ സ്വപ്ന കടത്തിയത് 10 കോടിയുടെ വിദേശ കറന്‍സി

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രവാസി മലയാളികളെ നാട്ടിലെത്തിക്കാന്‍ പറന്ന വിമാനങ്ങളില്‍ ദുബായില്‍ ഇറങ്ങിയ വിദേശികളെയും അവരുടെ ബാഗേജുകളും കണ്ടെത്താനാണ്‌ ശ്രമം.

Last Updated : Aug 15, 2020, 09:33 AM IST
  • മൂന്ന് അന്വേഷണ ഏജന്‍സികള്‍ 34 ദിവസം ചോദ്യം ചെയ്തിട്ടും എവിടെയാണ് കറന്‍സികള്‍ ഒളിപ്പിച്ചതെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
വന്ദേഭാരത്‌ വിമാനങ്ങളില്‍ സ്വപ്ന കടത്തിയത് 10 കോടിയുടെ വിദേശ കറന്‍സി

കൊച്ചി: വന്ദേ ഭാരത്‌ വിമാന സര്‍വീസുകളില്‍ സ്വപ്ന സുരേഷിന്റെ നേതൃത്വത്തില്‍ 10 കോടിയുടെ വിദേശ കറന്‍സി കടത്തിയതായി റിപ്പോര്‍ട്ട്. യുഎഇ പോലീസിന്റെ സഹായത്തോടെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്ത ചിലരുടെ മൊഴിയില്‍ നിന്നുമാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. 

സംഭവത്തില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു. കൊറോണ വൈറസ് (Corona Virus) വ്യാപനത്തെ തുടര്‍ന്ന് പ്രവാസി മലയാളികളെ നാട്ടിലെത്തിക്കാന്‍ പറന്ന വിമാനങ്ങളില്‍ ദുബായില്‍ ഇറങ്ങിയ വിദേശികളെയും അവരുടെ ബാഗേജുകളും കണ്ടെത്താനാണ്‌ ശ്രമം. ജൂണ്‍ പകുതിയോടെ ഇന്ത്യ വിട്ട അഞ്ച് വിദേശികളെയും അവരുടെ എട്ട് ബാഗേജുകളും കണ്ടെത്താനാണ്‌ അന്വേഷണ സംഘത്തിന്റെ ശ്രമം. 

ഇവരുടെ ബാഗേജുകള്‍ പരിശോധിച്ച് കയറ്റിവിട്ട കസ്റ്റംസ് ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും. സ്വപ്നയുടെ ശുപാര്‍ശയോടെ വിമാനങ്ങളില്‍ കയറിപറ്റിയവരാണ് ഈ അഞ്ച് വിദേശികള്‍. ഇവര്‍ക്ക് വിമാന ടിക്കറ്റുകള്‍ എടുത്ത് നല്‍കിയത് തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റില്‍ നിന്നുമാണ് എന്ന മൊഴികളും പരിശോധിക്കും. 

അതേസമയം, തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ നിന്നും വിദേശികളെ വന്ദേ ഭാരത്‌  (Vande Bharath) വിമാനങ്ങളില്‍ കയറ്റിവിടാന്‍ സ്വപ്ന സുരേഷ് (Swapna Suresh) ഇടപ്പെട്ടത് സംബന്ധിച്ച രേഖകളും തെളിവും  അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. 

വന്‍തോതില്‍ വിദേശ കറന്‍സികള്‍ സ്വപ്നയുടെ പക്കലുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അവരുടെ ലോക്കര്‍ പരിശോധിച്ചിരുന്നു. എന്നാല്‍, 8034 യുഎസ് ഡോളറും, 711 ഒമാന്‍ റിയാലും മാത്രമാണ് സ്വപനയുടെ ലോക്കറില്‍ നിന്നും കണ്ടെത്തിയത്. മൂന്ന് അന്വേഷണ ഏജന്‍സികള്‍ 34 ദിവസം ചോദ്യം ചെയ്തിട്ടും എവിടെയാണ് കറന്‍സികള്‍ ഒളിപ്പിച്ചതെന്നു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 

Trending News