close

News WrapGet Handpicked Stories from our editors directly to your mailbox

കളക്ടറെ ചട്ടം പഠിപ്പിക്കേണ്ട, സുരേഷ് ഗോപി ചട്ടം ലംഘിച്ചു: ടിക്കാറാം മീണ

നോട്ടീസ് അയച്ച കളക്ടര്‍ക്കെതിരെ സംസാരിച്ച സുരേഷ് ഗോപിയുടെ നടപടി കുറ്റകരമാണെന്നും ടിക്കാറാം മീണ പറഞ്ഞു.  

Updated: Apr 7, 2019, 12:55 PM IST
കളക്ടറെ ചട്ടം പഠിപ്പിക്കേണ്ട, സുരേഷ് ഗോപി ചട്ടം ലംഘിച്ചു: ടിക്കാറാം മീണ

തിരുവനന്തപുരം: സുരേഷ് ഗോപി അയ്യപ്പന്‍റെ പേരില്‍ വോട്ട് തേടിയത് ചട്ടലംഘനം തന്നെയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കളക്ടറുടെ നടപടി ശരിയാണെന്നും നോട്ടീസ് കൊടുക്കാനുള്ള അധികാരം കളക്ടര്‍ക്ക് ഉണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു.

മാത്രമല്ല നോട്ടീസ് അയച്ച കളക്ടര്‍ക്കെതിരെ സംസാരിച്ച സുരേഷ് ഗോപിയുടെ നടപടി കുറ്റകരമാണെന്നും ടിക്കാറാം മീണ പറഞ്ഞു. മാതൃകാ പെരുമാറ്റചട്ടത്തിന്‍റെ ലംഘനമാണെന്ന് പ്രഥമ ദൃഷ്ട്യാ ബോധ്യപ്പെട്ടാണ് കളക്ടര്‍ നടപടി സ്വീകരിച്ചത്. 

ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാം. എന്നാല്‍, ദൈവത്തിന്റെയും അയ്യപ്പന്റെയും പേരില്‍ വോട്ട് തേടി ജനങ്ങളുടെ വികാരം വഷളാക്കി വോട്ടിന് വേണ്ടി ഉപയോഗിക്കരുതെന്നും. അത് മാതൃകാ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. 

ഇപ്പോള്‍ തനിക്ക് വിഷയത്തില്‍ ഇടപെടേണ്ട കാര്യമില്ല. ചട്ടലംഘനമുണ്ടെന്ന് നല്ല രീതിയില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കളക്ടര്‍ നോട്ടീസയച്ചിരിക്കുന്നത്. ആ നോട്ടീസിന് മറുപടി സുരേഷ് ഗോപി തരട്ടെ. അത് കളക്ടര്‍ പരിശോധിക്കും. അതിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് കളക്ടര്‍ തന്നെ ഈ വിഷയത്തില്‍ യുക്തമായ തീരുമാനമെടുക്കുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.

അയ്യനെന്നാല്‍ സഹോദരനെന്നാണ് അര്‍ഥം എന്ന സുരേഷ് ഗോപിയുടെ വാദം ചൂണ്ടികാണിച്ചപ്പോള്‍ അതവരുടെ വ്യഖ്യാനങ്ങളാണെന്നും കളക്ടര്‍ യുക്തമായ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.