മലയാള സിനിമാ മേഖലയിൽ വലിയ കോളിളക്കം സൃഷ്ടിച്ച കേസിൻ്റെ വിധിയാണ് ഇന്ന് കോടതി പ്രഖ്യാപിച്ചത്. 2017 ഫെബ്രുവരി 17 ന്, മലയാള ചലച്ചിത്ര മേഖലയിലെ ഒരു പ്രമുഖ നടിയെ കൊച്ചിക്ക് സമീപം ഓടുന്ന കാറിൽ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു. കൂടാതെ ക്രൂരതയുടെ ദൃശ്യങ്ങൾ പകർത്തിയിരുന്നു. ബലാത്സംഗത്തിന് ഇരയായ നടി ഒരു സംവിധായകന്റെ വീട്ടിലേക്ക് പോകുകയും, അയാൾ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ, പൾസർ സുനി എന്ന സുനിൽ കുമാറിനെ പ്രധാന പ്രതിയായി തിരിച്ചറിഞ്ഞു. പിന്നീട്, ദിലീപ് കുറ്റകൃത്യത്തിൻ്റെ സൂത്രധാരനാണെന്ന് ആരോപിക്കപ്പെട്ടു. മുൻ ഭാര്യ മഞ്ചു വാര്യരോട് ദിലീപിൻ്റെ വിവാഹേതര ബന്ധത്തെക്കുറിച്ച് അതിജീവിത അറിയിച്ചതായി ആരോപിച്ചിരുന്നു. മഞ്ജു വാര്യർ കോടതിയിൽ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. അതിജീവിതയോട് ഉള്ള പ്രതികാരമായി ദിലീപ് ലൈംഗികാതിക്രമം ആസൂത്രണം ചെയ്തതായി പ്രോസിക്യൂഷൻ വാദിച്ചു. ആരോപണങ്ങൾ ദിലീപ് തള്ളിക്കളഞ്ഞെങ്കിലും 2017 ജൂലൈ 10 ന് അറസ്റ്റിലാകുകയായിരുന്നു. ഏകദേശം മൂന്ന് മാസത്തെ കസ്റ്റഡിക്ക് ശേഷം ദിലീപ് ജാമ്യത്തിലിറങ്ങി. അടുത്ത വർഷം വിചാരണ ആരംഭിച്ചു. കോവിഡ് കാരണം കേസിൻ്റെ വിചാരണ വൈകുകയായിരുന്നു. കേസിൽ ആകെ 261 സാക്ഷികളെ വിസ്തരിച്ചു, നിരവധി സാക്ഷികൾ കോടതിയിൽ കൂറുമാറുകയും ചെയ്തു. കേസിൽ ആദ്യം പ്രതിചേർക്കപ്പെട്ട മൂന്ന് പേർ പിന്നീട് മാപ്പുസാക്ഷികളായി. 2021 ൽ, ദിലീപും കൂട്ടാളികളും സാക്ഷികളെ സ്വാധീനിക്കാൻ ഗൂഢാലോചന നടത്തിയെന്നും അന്വേഷണം നടത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യം വച്ചെന്നും ചലച്ചിത്ര നിർമ്മാതാവ് പി ബാലചന്ദ്രകുമാർ ആരോപണം ഉന്നയിച്ചു. ഈ ആരോപണങ്ങൾ കോടതി വിചാരണ നിർത്തിവയ്ക്കാൻ കാരണമായി. 2022 ൽ, ദിലീപിനെതിരായ ആരോപണങ്ങളിൽ തെളിവുകൾ നശിപ്പിക്കൽ എന്ന പുതിയ കുറ്റം കൂടി ചേർത്തു. എന്നാൽ വിധി പ്രസ്താവനയിൽ, ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയ 10 പ്രതികളിൽ ആറ് പേർ കുറ്റക്കാരാണെന്ന് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം വർഗീസ് വിധിച്ചു. പ്രധാന പ്രതികളായ പൾസർ സുനി, മാർട്ടിംഗ് ആന്റണി, ബി മണികണ്ഠൻ, വി പി വിജീഷ്, എച്ച് സലീം, സി പ്രദീപ് എന്നിവരാണ് ആറ് പ്രതികൾ. ദിലീപ് ഉൾപ്പെടെ മൂന്ന് പേരെ കോടതി വെറുതേ വിടുകയായിരുന്നു. വിധിയിൽ അതിജീവിതയുടെ സംഘം അതൃപ്തി രേഖപ്പെടുത്തി, ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്ന് അറിയിച്ചു.
ശിക്ഷാവിധി
1. തട്ടിക്കൊണ്ടുപോകലിന് 10 വർഷം തടവ്, 25000 രൂപ പിഴ
2. ഗൂഢാലോചനയ്ക്ക് 1 വർഷം തടവ്, 50000 രൂപ പിഴ.
3. പിഴത്തുക 5 ലക്ഷം അതിജീവിതക്ക് നൽകണം.
4. അതിജീവിതയെ തടഞ്ഞ് വെച്ചതിന് 1 വർഷം തടവ്.
5. പൾസർ സുനിക്ക് ഐടിആക്ട് പ്രകാരം ദൃശ്യം ചിത്രീകരച്ചതിന് 3 വർഷം തടവും, ദൃശ്യം സൂക്ഷിച്ചു വെച്ചതിന് 5 വർഷം തടവും.
6. ശിക്ഷ എല്ലാം ഒരുമിച്ച് അനുഭവിച്ചാൽ മതി.
7. ജയിലിൽ കിടന്ന കാലയളവ് ശിക്ഷയിൽ പരിഗണിക്കും.
8. അതിജീവിതയുടെ സ്വർണ മോതിരം തിരികെ നൽകണം.
9. അതിജീവിതയുടെ ദൃശ്യം അടങ്ങിയ പെൻഡ്രൈവ് അന്വേഷണ ഉദ്യോഗസ്ഥൻ അപ്പീൽ നടപടി കഴിയുന്നത് വരെ സൂക്ഷിക്കണം.
10. പ്രേരണാ കുറ്റത്തിന് ശിക്ഷയില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









