ചെലവ് ഉയരുമ്പോൾ അതനുസരിച്ച് വരുമാനം വർദ്ധിക്കില്ലല്ലോ? -വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ധനമന്ത്രി

തനിക്കെതിരെ പ്രചരിക്കുന്ന വീഡിയോയ്ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കി ധനമന്ത്രി തോമസ്‌ ഐസക്. 

Updated: Apr 8, 2020, 08:13 PM IST
ചെലവ് ഉയരുമ്പോൾ അതനുസരിച്ച് വരുമാനം വർദ്ധിക്കില്ലല്ലോ? -വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ധനമന്ത്രി

തനിക്കെതിരെ പ്രചരിക്കുന്ന വീഡിയോയ്ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കി ധനമന്ത്രി തോമസ്‌ ഐസക്. 

ചാനല്‍ ചര്‍ച്ചയില്‍ തോമസ്‌ ഐസക് പറഞ്ഞ ചില വാക്കുകള്‍ കട്ട് ചെയ്ത് പ്രചരിപ്പിച്ചതാണ് വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണം. 

'റിസര്‍വ് ബാങ്കിനോട് നോട്ട് അച്ചടിക്കാന്‍ പറഞ്ഞാല്‍ എത്ര പണം വേണമെങ്കിലും വായ്പയായി എടുക്കാമല്ലോ?' എന്ന വീഡിയോ ശകലമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. 

ധനമന്ത്രിയുടെ മണ്ടത്തരം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ബിജെപി യുവ നേതാവ് സന്ദീപ്‌ വാര്യര്‍ അടക്കമുള്ളവര്‍ ഈ വീഡിയോയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.

തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് തോമസ്‌ ഐസക് വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുന്നത്. 

മാന്ദ്യകാലത്ത് സർക്കാരുകളുടെ ചെലവ് ഗണ്യമായി ഉയർത്തേണ്ടിവരും. ചെലവ് ഉയരുമ്പോൾ അതനുസരിച്ച് വരുമാനം വർദ്ധിക്കില്ലല്ലോ. അപ്പോൾ ഈ കമ്മി എങ്ങനെ നികത്താം? ഇതിനുള്ള പരിഹാരമാണ് സർക്കാർ കൂടുതൽ വായ്പയെടുക്കുക എന്നുള്ളത്. ബാങ്കുകൾപോലുളള ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുക്കുകയെന്ന ഒറ്റമാർഗ്ഗമേ സംസ്ഥാന സർക്കാരിന് മുന്നിലുള്ളൂ. എന്നാൽ കേന്ദ്രസർക്കാരിനു മുന്നിൽ രണ്ടു മാർഗ്ഗങ്ങളുണ്ട്. ധനകാര്യസ്ഥാപനങ്ങളിൽ നിന്നും വായ്പയെടുക്കാം, അല്ലെങ്കിൽ റിസർവ്വ് ബാങ്കിൽ നിന്ന് വായ്പയെടുക്കാം. റിസർവ്വ് ബാങ്കിൽ നിന്ന് വായ്പയെടുക്കുകയെന്നത് പുതിയ പണം സൃഷ്ടിക്കുന്നതിനു തുല്യമാണ്. അതുകൊണ്ട് സാമ്പത്തിക ശാസ്ത്രം ഇതിനെ വിളിക്കുന്നത് Monetisation of Debt എന്നാണ്. -തോമസ്‌ ഐസക് പറയുന്നത്.

തോമസ്‌ ഐസക്കിന്‍റെ ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണരൂപം: 

മാന്ദ്യകാലത്ത് സർക്കാരുകളുടെ ചെലവ് ഗണ്യമായി ഉയർത്തേണ്ടിവരും. ചെലവ് ഉയരുമ്പോൾ അതനുസരിച്ച് വരുമാനം വർദ്ധിക്കില്ലല്ലോ. അപ്പോൾ ഈ കമ്മി എങ്ങനെ നികത്താം? ഇതിനുള്ള പരിഹാരമാണ് സർക്കാർ കൂടുതൽ വായ്പയെടുക്കുക എന്നുള്ളത്. ബാങ്കുകൾപോലുളള ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുക്കുകയെന്ന ഒറ്റമാർഗ്ഗമേ സംസ്ഥാന സർക്കാരിന് മുന്നിലുള്ളൂ. എന്നാൽ കേന്ദ്രസർക്കാരിനു മുന്നിൽ രണ്ടു മാർഗ്ഗങ്ങളുണ്ട്. ധനകാര്യസ്ഥാപനങ്ങളിൽ നിന്നും വായ്പയെടുക്കാം, അല്ലെങ്കിൽ റിസർവ്വ് ബാങ്കിൽ നിന്ന് വായ്പയെടുക്കാം. റിസർവ്വ് ബാങ്കിൽ നിന്ന് വായ്പയെടുക്കുകയെന്നത് പുതിയ പണം സൃഷ്ടിക്കുന്നതിനു തുല്യമാണ്. അതുകൊണ്ട് സാമ്പത്തിക ശാസ്ത്രം ഇതിനെ വിളിക്കുന്നത് Monetisation of Debt എന്നാണ്.

പണ്ട് കേന്ദ്രസർക്കാർ അവരുടെ കമ്മി നികത്താനുള്ള വായ്പയുടെ നല്ലപങ്കും റിസർവ്വ് ബാങ്കിൽ നിന്നാണ് എടുത്തുകൊണ്ടിരുന്നത്. നമ്മൾ സംസാര ഭാഷയിൽ വിളിച്ചിരുന്നത് കമ്മിപ്പണം അടിക്കുക എന്നാണ്. എന്നാൽ നിയോലിബറൽ പരിഷ്കർത്താക്കൾക്ക് ഇത് ചതുർത്ഥിയായിരുന്നു. അവരുടെ പ്രധാന വിമർശനം ഇങ്ങനെ ചെയ്യാൻ അനുവദിച്ചാൽ കേന്ദ്രസർക്കാരിന് കമ്പോള അച്ചടക്കം ഉണ്ടാവില്ല. തന്നിഷ്ടപ്രകാരം എത്ര വേണമെങ്കിലും വായ്പയെടുക്കും. ഇങ്ങനെ കമ്മിപ്പണം അടിച്ചാൽ സമ്പദ്ഘടനയിൽ പണലഭ്യത ഉയരും. ഇത് വിലക്കയറ്റത്തിന് ഇടയാക്കും. അതുകൊണ്ട് ഇത് തടഞ്ഞുകൊണ്ടുള്ള വ്യവസ്ഥകൾ അവർ ഉണ്ടാക്കി. കേന്ദ്രസർക്കാരിന് വായ്പയെടുക്കാം. പക്ഷെ, സംസ്ഥാന സർക്കാരുകളും കമ്പനികളുമെല്ലാം ചെയ്യുന്നതുപോലെ വായ്പാ കമ്പോളത്തിൽ അഥവാ ധനകാര്യസ്ഥാപനങ്ങളിൽ നിന്നായിരിക്കണം. അങ്ങനെ ഇപ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കമ്പോളത്തിൽ നിന്നാണ് വായ്പയെടുക്കുന്നത്.

ഇത്രയായിക്കഴിഞ്ഞപ്പോൾ നിയോലിബറലുകൾ അടുത്ത അടവുപയറ്റി. കേന്ദ്രവും സംസ്ഥാനവും കമ്പോളത്തിൽ നിന്ന് വായ്പയെടുക്കുമ്പോൾ സ്വകാര്യമേഖലയ്ക്ക് ലഭ്യമാകുന്ന വായ്പാ വിഭവങ്ങൾ കുറയും. ഇതിന്റെ ഫലമായി പലിശ നിരക്ക് ഉയരും. ഇത് സമ്പദ്ഘടനയുടെ വളർച്ചയ്ക്ക് തടസ്സമാകും. അതുകൊണ്ട് കേന്ദ്രവും സംസ്ഥാനവും കമ്പോളത്തിൽ നിന്നും വായ്പയെടുക്കുന്നതിന് നിയന്ത്രണം വേണം. അങ്ങനെ ഇരുവരും ദേശീയവരുമാനത്തിന്റെ മൂന്നു ശതമാനത്തിന് അപ്പുറം വായ്പയെടുക്കാൻ പാടില്ലെന്ന ധനഉത്തരവാദിത്ത നിയമവും പാസ്സാക്കി. ഇതാണ് ഇപ്പോഴത്തെ സ്ഥിതി.

അങ്ങനെ ഇരിക്കുമ്പോഴാണ് കൊറോണ പകർച്ചവ്യാധിയുടെ ഫലമായി ഇടിത്തീപോലെ സമ്പദ്ഘടന അടച്ചുപൂട്ടപ്പെട്ടത്. സർക്കാരിന്റെ വരുമാനം ഇല്ലാതായി. ജനങ്ങൾക്ക് വലിയതോതിൽ ദുരിതാശ്വാസ സഹായം നൽകണം. തുടർന്ന് പകർച്ചവ്യാധി ദുർബലപ്പെടുന്നതനുസരിച്ച് സമ്പദ്ഘടനയുടെ ഉത്തേജനത്തിന് വലിയതോതിൽ പണം മുതൽ മുടക്കണം. ഉദാഹരണത്തിന് അമേരിക്കയെ നോക്കൂ. 150 ലക്ഷം കോടിയാണ് അവരുടെ ദുരിതാശ്വാസ ഉത്തേജന പാക്കേജ്. ദേശീയ വരുമാനത്തിന്റെ 10 ശതമാനം വരുമിത്. ഇത്രയും വലിയ തുക അവർ എവിടെനിന്ന് സമാഹരിക്കും?

ഇതാണ് ഇന്നലത്തെ മനോരമ ചർച്ചയിലെ അവതാരകൻ അയ്യപ്പദാസ് എന്നോട് ചോദിച്ചത്. കോവിഡ് കാലത്ത് കേന്ദ്രസർക്കാർ കമ്പോളത്തിൽ നിന്ന് വായ്പയെടുക്കാൻ ശ്രമിച്ചാൽ അവർക്ക് ആവശ്യമായ പണം കിട്ടുമോ? പോരാത്തതിന് വിദേശമൂലധനം ഇന്ത്യയിൽ നിന്നും പിൻവലിഞ്ഞുകൊണ്ടിരിക്കുന്ന കാലവുമാണ്. സ്വാഭാവികമായും ഞാൻ അതിനു മറുപടി പറഞ്ഞു. എന്തിന് പണം കമ്പോളത്തിൽ നിന്ന് എടുക്കണം? അമേരിക്ക എടുക്കുന്നത് അവരുടെ ഫെഡറൽ റിസർവ്വ് ബാങ്കിൽ നിന്നാണ്. ഇന്ത്യയ്ക്ക് റിസർവ്വ് ബാങ്കിൽ നിന്നും എത്ര പണം വേണമെങ്കിലും വായ്പയായി എടുക്കാം. അവർ ആവശ്യമുള്ള നോട്ട് അടിച്ചു തരും.
കമ്മിപ്പണം അടിക്കുക എന്ന പ്രയോഗം മനസ്സിൽ വച്ചുകൊണ്ട് ഗ്രാമ്യഭാഷയിൽ സംസാരിച്ചെന്നേയുള്ളൂ. ഞാൻ ചിരിച്ചുകൊണ്ടാണ് പറയുന്നതും (ഇക്കാലത്ത് നോട്ട് അടിച്ചൊന്നും കൊടുക്കണ്ട. റിസർവ്വ് ബാങ്കിന്റെ ബാലൻസ് ഷീറ്റിൽ കേന്ദ്രസർക്കാരിനു കൊടുക്കുന്ന തുക ബാധ്യതയായി എഴുതിയാൽ മാത്രം മതി. അതേസമയം, ആസ്തികളുടെ കോളത്തിൽ ഇത്രയും തുകയ്ക്കുള്ള ബോണ്ടുകൾ കേന്ദ്രസർക്കാരിൽ നിന്നും കിട്ടിയതായും എഴുതണം. ആസ്തിയും ബാധ്യതയും തുല്യം. കണക്കെല്ലാം ക്ലിയർ). ആർക്കെങ്കിലും ഈ പറഞ്ഞത് മനസ്സിലായില്ലെങ്കിലോ എന്നു ചിന്തിച്ചു ഞാൻ അമേരിക്കയുടെ ഇപ്പോഴത്തെ സ്റ്റിമുലസ് പാക്കേജിനെക്കുറിച്ചൊക്കെ വിശദീകരിക്കുന്നുണ്ട്.

കമ്മിപ്പണം അടിച്ചാൽ വിലക്കയറ്റം ഉണ്ടാവില്ലേയെന്ന് ശങ്കിക്കുന്നവരോട് പറയട്ടെ. ഇന്നത്തെ സാഹചര്യം മാന്ദ്യത്തിന്റേതാണ്. സ്വകാര്യ നിക്ഷേപകർ വായ്പയേ എടുക്കുന്നില്ല. മാത്രമല്ല, ഇഷ്ടംപോലെ ധാന്യങ്ങൾ സ്റ്റോക്കുണ്ട്. വിദേശനാണയ ശേഖരമുണ്ട്. അതുകൊണ്ട് വിലക്കയറ്റത്തെ പേടിക്കണ്ട. ഇനി വിലക്കയറ്റമുണ്ടായാൽ പെട്രോളിന്മേലുള്ള നികുതി കുറച്ചാൽ മതി. പെട്രോളിന്റെ വില കുറയുമ്പോൾ പൊതുവിലക്കയറ്റത്തിനു ചെറിയൊരു കടിഞ്ഞാണാകും. ഇത് ചെയ്യുന്നതിനു പകരം കേന്ദ്രസർക്കാർ എംപി ഫണ്ട് പോലുള്ള എന്തെല്ലാം ചെലവുകൾ കുറയ്ക്കാൻ പറ്റുമെന്നാണ് ഗവേഷണം ചെയ്തുകൊണ്ടിരിക്കുന്നത്. ചാണകബുദ്ധി എന്നല്ലാതെ എന്താ പറയുക?

ചില വിവരദോഷികൾക്ക് എന്റെ മൊത്തം നിലപാട് തമാശയായിട്ടാണ് തോന്നിയത്. അങ്ങനെ റിസർവ്വ് ബാങ്കിൽ നിന്നും നോട്ട് അച്ചടിച്ച് കേന്ദ്രസർക്കാരിന് കൊടുക്കുമെന്ന എന്റെ ഒരു വാചകം മാത്രം അടർത്തിമാറ്റി എന്തോ വലിയ അബദ്ധം ഞാൻ പറഞ്ഞൂവെന്ന മട്ടിൽ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത്രയും എഴുതാൻ കാരണം കുറച്ച് സുഹൃത്തുക്കളെങ്കിലും എന്താ നിങ്ങൾ ഇങ്ങനെ പറഞ്ഞതെന്ന് വിളിച്ചു ചോദിച്ചതുകൊണ്ടാണ്.