നിലമ്പൂര്‍ വനമേഖലയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ സ്ത്രീ ഉള്‍പടെ മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

നിലമ്പൂര്‍ വനമേഖലയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ സ്ത്രീ ഉള്‍പടെ മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. കർണാടക സ്വദേശിയും മാവോയിസ്റ്റ് ലെഫ്റ്റ് വിംഗ് തലവനുമായ കുപ്പു ദേവരാജ്, കാവേരിയെന്ന അജിത എന്നിവര്‍ കൊല്ലപ്പെട്ട രണ്ടുപേര്‍. കൊല്ലപ്പെട്ട മൂന്നാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. നിലമ്പൂര്‍ പടുക്ക ഫോറസ്റ്റ് സ്‌റ്റേഷന് മൂന്ന് കിലോമീറ്ററിന് ഉള്ളിലായാണ് ആക്രമണം നടന്നത്.

Updated: Nov 24, 2016, 07:05 PM IST
നിലമ്പൂര്‍ വനമേഖലയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ സ്ത്രീ ഉള്‍പടെ മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

മലപ്പുറം: നിലമ്പൂര്‍ വനമേഖലയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ സ്ത്രീ ഉള്‍പടെ മൂന്നു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. കർണാടക സ്വദേശിയും മാവോയിസ്റ്റ് ലെഫ്റ്റ് വിംഗ് തലവനുമായ കുപ്പു ദേവരാജ്, കാവേരിയെന്ന അജിത എന്നിവര്‍ കൊല്ലപ്പെട്ട രണ്ടുപേര്‍. കൊല്ലപ്പെട്ട മൂന്നാമത്തെ ആളെ തിരിച്ചറിഞ്ഞിട്ടില്ല. നിലമ്പൂര്‍ പടുക്ക ഫോറസ്റ്റ് സ്‌റ്റേഷന് മൂന്ന് കിലോമീറ്ററിന് ഉള്ളിലായാണ് ആക്രമണം നടന്നത്.

ഇന്ന് ഉച്ചയ്ക്ക്12 മണിയോടെയാണ് വെടിവയ്പ്പ് ആരംഭിച്ചത്. വനത്തില്‍ പട്രോളിംഗ് നടത്തുകയായിരുന്ന തണ്ടര്‍ ബോള്‍ട്ട് സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന്‍ തണ്ടര്‍ ബോള്‍ട്ടും ശക്തമായി തിരിച്ചടിച്ചു. രണ്ട് കിലോമീറ്റര്‍ ഉള്ളില്‍ വനത്തില്‍ വെടിവെപ്പ് തുടരുകയാണ്. മൂന്ന് പേരുടെ മരണം പോലീസ് സ്ഥിരീകരിച്ചു. 

മാവോയിസ്റ്റുകളുടെ സംഘത്തില്‍ പതിനൊന്നോളം പേരാണ് ഉണ്ടായിരുന്നത്. വെടിവയ്പ് ഉണ്ടായപ്പോള്‍ തന്നെ ഇവരില്‍ പലരും ചിതറി ഓടി. പ്രദേശത്ത് നിന്ന് രക്ഷപെട്ട മറ്റ് മാവോയിസ്റ്റുകള്‍ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണ്.

പല സംഘങ്ങളായി തിരിഞ്ഞ് 150ലധികം പോലീസുകാര്‍ തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. രക്ഷപ്പെട്ടവര്‍ പ്രത്യാക്രമണത്തിന് തയാറെടുക്കുമോ എന്ന സംശയവും പോലീസിനുണ്ട്. അതിനാല്‍ കൂടുതല്‍ സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. മോവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ കൊണ്ടു വരുന്നതിനായി ആംബുലന്‍സ് സ്ഥലത്ത് എത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം മുണ്ടക്കടവ് കോളനിയില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. ഇതിന് ശേഷം ഈ വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് തുടര്‍ച്ചയായി പരിശോധന നടത്തി വരികയായിരുന്നു. 

സൈലന്‍റ് വാലി, നിലമ്പൂര്‍, വയനാട് എന്നിവിടങ്ങളിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരളത്തില്‍നിന്നു തമി‍ഴ്നാട്ടിലേക്കും കര്‍ണാടകത്തിലേക്കും കടക്കാവുന്ന പ‍ഴുതുകളുള്ള വനമേഖലയാണ് ഇത്. നേരത്തെയും നിലമ്പൂര്‍, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയിരുന്നു.