)
തിരുവനന്തപുരം: കനത്ത മഴയിൽ റെയിൽവേ ട്രാക്കിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. തിരുവല്ല–ചങ്ങനാശേരി, തൃശൂർ–ഗുരുവായൂർ, തിരുവനന്തപുരം–ഇടവ പാതയിലുമാണ് മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടത്. ഇതോടെ ഈ റൂട്ടിലൂടെയുള്ള ട്രെയിൻ സർവീസുകൾ വൈകി ഓടുകയാണ്. പാതയിലെ തടസ്സങ്ങളെല്ലാം നീക്കിയതായും ട്രെയിൻ ഗതാഗതം പുനരാരംഭിച്ചതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ സർവീസ് നടത്തുന്ന ചില ട്രെയിനുകൾ ഭാഗികമായി വൈകിയോടുകയാണ്. ഇന്ന് രാവിലെ 6.30ഓടെ പൂങ്കുന്നം–ഗുരുവായൂർ ലൈനിലാണ് ആദ്യം മരം വീണത്. മരം വീണതിനെ തുടർന്ന് ഈ റൂട്ടിലൂടെയുള്ള ട്രെയിൻ ഗതാഗതം വൈകിയിരുന്നു. ഗുരുവായൂർ–മധുരൈ എക്സ്പ്രസ്(16328), ഗുരുവായൂർ–എറണാകുളം സൗത്ത് പാസഞ്ചർ(56313), ചെന്നൈ എഗ്മൂർ–ഗുരുവായൂർ എക്സ്പ്രസ്(16127), എറണാകുളം സൗത്ത്–ഗുരുവായൂർ പാസഞ്ചർ(56314) എന്നീ ട്രെയിനുകളാണ് വൈകിയത്.
അതേസമയം, തിരുവല്ല റെയിൽവേ സ്റ്റേഷനു സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിനു മുൻപിലേക്ക് തേക്ക് മരം വീണു. രാവിലെ 10.10ന് തിരുവല്ല റെയിൽവേ സ്റ്റേഷൻ വിട്ട വേളാങ്കണ്ണി–എറണാകുളം എക്സ്പ്രസിനു മുമ്പിലേക്കാണ് മരം വീണത്. ട്രെയിൻ നിർത്തിയിട്ട ശേഷം മരം മുറിച്ചു മാറ്റുകയായിരുന്നു. തുടർന്ന് ഇവിടെയും ട്രെയിൻ ഗതാഗതം ഏറെ നേരം തടസപ്പെട്ടു. പിന്നീട് മരം മുറിച്ചു മാറ്റിയാണ് ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചത്. തിരുവനന്തപുരത്ത് ഇടവയ്ക്കും കാപ്പിലിനും ഇടയിൽ തെങ്ങ് ട്രാക്കിൽ വീണ് ഇവിടെയും ട്രെയിൻ ഗതാഗതം തടസപ്പെട്ടിരുന്നു. രാവിലെ 11.30യോടെയായിരുന്നു സംഭവം. റെയിൽവേ ഉദ്യോഗസ്ഥർ എത്തി മരം മുറിച്ചുമാറ്റിയ ശേഷം ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.