UAPA: യുഡിഎഫ് ഇടപ്പെടല്‍, ചെന്നിത്തല ഇന്ന് അലന്‍റെയും താഹയുടെയും വീട് സന്ദര്‍ശിക്കും!!

വിവാദമായ കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസിൽ യുഡിഎഫ് ഇടപെടുന്നു. യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ, താഹ എന്നിവരുടെ വീടുകൾ പ്രതിപക്ഷ ഉപനേതാവ് എംകെ മുനീർ സന്ദർശിച്ചു.

Updated: Jan 21, 2020, 07:59 AM IST
UAPA: യുഡിഎഫ് ഇടപ്പെടല്‍, ചെന്നിത്തല ഇന്ന് അലന്‍റെയും താഹയുടെയും വീട് സന്ദര്‍ശിക്കും!!

കോഴിക്കോട്: വിവാദമായ കോഴിക്കോട് പന്തീരാങ്കാവ് യുഎപിഎ കേസിൽ യുഡിഎഫ് ഇടപെടുന്നു. യുഎപിഎ കേസിൽ അറസ്റ്റിലായ അലൻ, താഹ എന്നിവരുടെ വീടുകൾ പ്രതിപക്ഷ ഉപനേതാവ് എംകെ മുനീർ സന്ദർശിച്ചു.

വിഷയത്തിൽ മുന്നണി തലത്തിൽ ഇടപെടുമെന്നും ഇരുവർക്കുമെതിരെ യുഎപിഎ ചുമത്തിയ നടപടി ചോദ്യം ചെയ്ത് മുനീർ വ്യക്തമാക്കിയിരുന്നു. 

ഏത് സാഹചര്യത്തിലാണ് ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയതെന്നും അദ്ദേഹം ചോദിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൊവ്വാഴ്ച ഇരുവരുടേയും വീടുകൾ സന്ദർശിക്കെന്നും മുനീർ വ്യക്തമാക്കി.

കേസിൽ അലനും താഹയ്ക്കുമെതിരെ യുഎപിഎ ചുമത്താൻ കാരണമെന്താണെന്ന് വിശദീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് എംകെ മുനീർ പറഞ്ഞു. വിഷയത്തിൽ മുന്നണിയിലെ എല്ലാ പാർട്ടികളുമായും കൂടിയാലോചിച്ച ശേഷം കൂടുതൽ കാര്യങ്ങൾ തീരുമാനിക്കും.

അലനെയും താഹയെയും മുൻവിധിയോടെ മാവോയിസ്റ്റുകളെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, പി ജയരാജൻ എന്നിവരുടെ ഇടപെടൽ സംശയാസ്പദമാണെന്നും എംകെ മുനീർ ഇരുവരേടും വീടുകൾ സന്ദർശിച്ച ശേഷം പ്രതികരിച്ചു.

തങ്ങൾ ഇപ്പോഴും സിപിഎം പ്രവർത്തകരാണെന്ന പ്രതികരണവുമായി അലനും താഹയും കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയപ്പോൾ രംഗത്തെത്തിയിരുന്നു. 

സിപിഎമ്മിന് വേണ്ടി വോട്ടു തെണ്ടി നടന്ന തങ്ങളെ മുഖ്യമന്ത്രി മാവോയിസ്റ്റാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിലും സി പി എമ്മിന്റെ ബൂത്ത് ഏജന്റുമാരായിരുന്നുവെന്നും ഇരുവരും പ്രതികരിച്ചിരുന്നു.

എന്നൽ ഇവർക്ക് മറപടിയുമായി പി ജയരാജനും രംഗത്തെത്തിയിരുന്നു. ഇരുവരും പാർട്ടി പ്രവർത്തകരല്ലെന്നും അലനും താഹയും എസ്എഫ്ഐ മറയുപയോഗിച്ച് പണ്ടുമുതലേ മാവോയിസ്റ്റ് ബന്ധം പുലർത്തിയിരുന്നുവെന്നും പാർട്ടി പരിശോധനയിൽ അവരുടെ മാവോയിസ്റ്റ് ബന്ധം കണ്ടെത്തിയിട്ടുണ്ടെന്നും അവർ പാർട്ടി പ്രത്യയ ശാസ്ത്രത്തിൽ വിശ്വസിക്കുന്നവരല്ലെന്നും ജയരാജൻ പറഞ്ഞിരുന്നു. 

മാവോയിസ്റ്റ് ലഘുലേഖ കൈവശം വെച്ചെന്ന് ആരോപിച്ചാണ് നിയമ വിദ്യാർത്ഥിയായ പാലാട്ട് നഗറിൽ അലൻ ഷുഹൈബിനെയും ജേണലിസ് വിദ്യാർത്ഥിയായ താഹ ഫസലിനെയും പോലീസ് അറസ്റ്റ് ചെയ്ത് ഇരുവർക്കുമെതിരെ യുഎപിഎ ചുമത്തുന്നത്.