യു.ഡി.എഫിന്‍റെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി

പ്രളയാനന്തര ഭരണസ്തംഭനത്തിലും ശബരിമല വിശ്വാസികളോടുള്ള വഞ്ചനയിലും സംസ്ഥാനത്തെ ക്രമസമാധാനത്തകര്‍ച്ചയിലും പ്രതിഷേധിച്ച് യുഡിഎഫിന്‍റെ സെക്രട്ടറിയേറ്റ് ഉപരോധം ആരംഭിച്ചു.

Last Updated : Jan 23, 2019, 11:55 AM IST
യു.ഡി.എഫിന്‍റെ സെക്രട്ടറിയേറ്റ് ഉപരോധം തുടങ്ങി

തിരുവനന്തപുരം: പ്രളയാനന്തര ഭരണസ്തംഭനത്തിലും ശബരിമല വിശ്വാസികളോടുള്ള വഞ്ചനയിലും സംസ്ഥാനത്തെ ക്രമസമാധാനത്തകര്‍ച്ചയിലും പ്രതിഷേധിച്ച് യുഡിഎഫിന്‍റെ സെക്രട്ടറിയേറ്റ് ഉപരോധം ആരംഭിച്ചു.

കൂടാതെ, സംസ്ഥാനത്തെ എല്ലാ ജില്ലാ കലക്ട്രേറ്റുകള്‍ക്ക് മുന്നിലും യുഡിഎഫ് ഉപരോധം സംഘടിപ്പിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റ് ഉപരോധത്തിന്‍റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് നിര്‍വഹിച്ചത്. 

സംസ്ഥാനത്ത് പ്രളയാനന്തരം പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ല. സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നു. ശബരിമല വിഷയത്തില്‍ വിശ്വാസികളെ സര്‍ക്കാര്‍ വഞ്ചിച്ചു എന്നും യുഡിഎഫ് ആരോപിച്ചു. 

രാവിലെ ആറ് മണിയോടെ സെക്രട്ടറിയേറ്റ് ഉപരോധിക്കാന്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ എത്തിയിരുന്നു. നോര്‍ത്ത്, സൗത്ത്, വെസ്റ്റ് കവാടങ്ങള്‍ പ്രവര്‍ത്തകര്‍ ഉപരോധിക്കുന്നുണ്ട്. കന്റോണ്‍മെന്റ് ഗേറ്റിനെ ഉപരോധത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ ഗേറ്റിലൂടെ ഉദ്യേഗസ്ഥര്‍ക്കും മന്ത്രിമാര്‍ക്കുമെല്ലാം സെക്രട്ടറിയേറ്റിനുള്ളില്‍ പ്രവേശിക്കാന്‍ സാധിക്കുന്നുണ്ട്. സെക്രട്ടറിയേറ്റ് പരിസരത്ത് ശക്തമായ പൊലീസ് വിന്യാസമുണ്ട്. ഉച്ചവരെ സമരം തുടര്‍ന്നേക്കും.

വിവിധ ജില്ലകളില്‍ കലക്ടറേറ്റിനു മുന്നില്‍ യുഡിഎഫ് ഉപരോധ സമരം സംഘടിപ്പിക്കുന്നുണ്ട്. കൊല്ലത്ത് ആര്‍എസ്പി നേതാവ് എന്‍. കെ. പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ടയില്‍ ഫോര്‍വേഡ് ബ്ലോക്ക് നേതാവ് ജി. ദേവരാജന്‍ ഉദ്ഘാടനം ചെയ്തു. എറണാകുളം കലക്ടറേറ്റിനു മുന്നിലെ സമരം പുലര്‍ച്ചെ അഞ്ച് മുതല്‍ ആരംഭിച്ചു. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് കലക്ടറേറ്റില്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് ഉപരോധം ഉദ്ഘാടനം ചെയ്തത്.

രാവിലെ 7 മുതൽ തുടങ്ങിയ ഉപരോധത്തിൽ നേതാക്കൾ കൂട്ട അറസ്റ്റ് വരിക്കും.

 

 

Trending News