വരാപ്പുഴ കസ്‌റ്റഡി മരണം: അന്വേഷണ സംഘത്തിന് ഇതുവരെ നിയമോപദേശം ലഭിച്ചില്ല

അന്വേഷണ സംഘം ഫോണിലൂടെ മാത്രമാണ് നിയമോപദേശം തേടിയതെന്നും ഇത് സംബന്ധിച്ച ഫയലുകൾ ഒന്നും തന്നെ കൈമാറിയിട്ടില്ലെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്‍റെ ഓഫീസ് വ്യക്തമാക്കി.

Last Updated : Jun 10, 2018, 12:03 PM IST
വരാപ്പുഴ കസ്‌റ്റഡി മരണം: അന്വേഷണ സംഘത്തിന് ഇതുവരെ നിയമോപദേശം ലഭിച്ചില്ല

കൊച്ചി: വരാപ്പുഴ കസ്‌റ്റഡി മരണക്കേസുമായി ബന്ധപ്പെട്ട് ആലുവ റൂറൽ മുൻ എസ്.പി എ.വി.ജോർജിനെ പ്രതിയാക്കുന്ന കാര്യത്തിൽ ​പ്രത്യേക അന്വേഷണ സംഘത്തിന് ഇതുവരെ നിയമോപദേശം ലഭിച്ചില്ല. 

കഴിഞ്ഞ മാസം 17നാണ് അന്വേഷണസംഘം പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിനോട് നിയമോപദേശം തേടിയത്. എന്നാൽ ഇതുവരെ നിയമോപദേശം ലഭിച്ചിട്ടില്ല. അതേസമയം,​ അന്വേഷണ സംഘം ഫോണിലൂടെ മാത്രമാണ് നിയമോപദേശം തേടിയതെന്നും ഇത് സംബന്ധിച്ച ഫയലുകൾ ഒന്നും തന്നെ കൈമാറിയിട്ടില്ലെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്‍റെ ഓഫീസ് വ്യക്തമാക്കി. ഫയൽ കിട്ടിയാലുടൻ മറുപടി നൽകുമെന്നും അവർ പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് നേരത്തെ ജോർജിനെ രണ്ടു തവണ അന്വേഷണം സംഘം ചോദ്യം ചെയ്തിരുന്നു. എന്നാൽ,​ പ്രതി ചേർത്തിരുന്നില്ല. കൊല്ലപ്പെട്ട ശ്രീജിത്തിനെ ജോർജ് മർദ്ദിച്ചില്ലെന്നതിനാൽ തന്നെ കൊലക്കുറ്റം ചുമത്താനാകുമോയെന്നാണ് പൊലീസിന്‍റെ സംശയം. 

അതേസമയം,​ ജോർജ് രൂപീകരിക്കുകയും പിന്നീട് പിരിച്ചു വിടുകയും ചെയ്ത റൂറൽ ടൈഗർ ഫോഴ്സിലെ (ആർ.ടി.എഫ്)​ അംഗങ്ങളാണ് ശ്രീജിത്തിനെ മർദ്ദിച്ചത്. എന്നാൽ,​ ശ്രീജിത്തിനെ മർദ്ദിക്കുന്നത് തടയാതിരുന്ന എസ്.പി ക‌ൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രതിയാക്കാമോയെന്നും അന്വേഷണ സംഘം ആരാഞ്ഞിട്ടുണ്ട്.

Trending News