വേങ്ങരയിൽ ഇടതു വലതു മുന്നണി സ്ഥാനാര്‍ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. പി.പി ബഷീറും എസ്ഡിപിഐ സ്ഥാനാര്‍ത്ഥി അഡ്വ. കെ.സി നസീറും മലപ്പുറം ഡെപ്യൂട്ടി കലക്ടര്‍ മുന്‍പാകെയാണ് പത്രിക സമര്‍പ്പിക്കുക.
അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കാണ് മുസ്ലീം ലീഗ് നേതാവ് കെ.എന്‍.എ ഖാദര്‍ പത്രിക സമര്‍പ്പിക്കുക. രാവിലെ നടക്കുന്ന യുഡിഎഫ് ജില്ലാ നേതൃ യോഗത്തിന് ശേഷമായിരിക്കും ഖാദര്‍ പത്രിക സമര്‍പ്പിക്കുക.
യുഡിഎഫിന്‍റെ വേങ്ങര മണ്ഡലം കണ്‍വെന്‍ഷനും ഇന്ന് ആരംഭിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുക്കും.
വേങ്ങര ഉപതെരഞ്ഞെടുപ്പ് കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങളുടെ വിലയിരുത്തലാകുമെന്നു യുഡിഎഫ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ലഭിച്ചതിലും കൂടുതൽ ഭൂരിപക്ഷം കിട്ടുന്ന തരത്തിലുള്ള പ്രവർത്തനമാകും അവിടെ നടക്കുകയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു.
വേങ്ങരയിലെ എം എല്‍ എ ആയിരുന്ന പി. കെ. കുഞ്ഞാലിക്കുട്ടി രാജിവച്ച ഒഴിവിലാണ് വേങ്ങരയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇ. അഹമ്മദ് എംപിയുടെ നിര്യാണത്തെത്തുടർന്ന് ഒഴിവുവന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാൻ വേണ്ടിയാണ് കുഞ്ഞാലിക്കുട്ടി നിയമസഭാംഗത്വം രാജിവച്ചത്.
ഒക്‌ടോബർ 11നാണ് വേങ്ങരയിൽ വോട്ടെടുപ്പ്. 15ന് വോട്ടെണ്ണലും നടക്കും. നാമനിർദേശപത്രിക സ്വീകരിക്കുന്ന അവസാന ദിവസം ഈ മാസം 22. സൂക്ഷ്മപരിശോധന 25നും പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം 27നും ആയിരിക്കും.