കണ്ണൂര്‍ കത്തുന്നു; നേതാക്കളുടെ വീടുകളുടെ നേര്‍ക്ക് ബോംബേറ്

എ.എന്‍.ഷംസീര്‍ എംഎല്‍എയുടെയും പി.ശശിയുടെയും വി.മുരളീധരന്‍ എംപിയുടെയും വീടിന് നേരെ ബോംബേറുണ്ടായ  

Updated: Jan 5, 2019, 08:42 AM IST
കണ്ണൂര്‍ കത്തുന്നു; നേതാക്കളുടെ വീടുകളുടെ നേര്‍ക്ക് ബോംബേറ്

കണ്ണൂര്‍: കണ്ണൂരില്‍ പരക്കെ അക്രമം. എ.എന്‍.ഷംസീര്‍ എംഎല്‍എയുടെയും പി.ശശിയുടെയും വി.മുരളീധരന്‍ എംപിയുടെയും വീടിന് നേരെ ബോംബേറുണ്ടായി.

എ.എന്‍.ഷംസീര്‍ എംഎല്‍എയുടെ വീടിന് നേരെ രാത്രിയാണ് ബോംബേറുണ്ടായത്. തലശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ആക്രമണ സമയത്ത് ഷംസീര്‍ വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ ഷംസീറിന്റെ കുടുംബം വീട്ടിലുണ്ടായിരുന്നു. ബോംബേറില്‍ കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ലെന്നാണ് വിവരം. സ്‌ഫോടനത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല.

തൊട്ടുപിന്നാലെ 11 മണിയോടെ സിപിഐഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ശശിയുടെ വീടിനുനേരെയും ബോംബേറുണ്ടായി. തലശ്ശേരി കോടതിക്കു സമീപത്തെ വീടാണു ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. വാതിലും ജനാലയും തകര്‍ന്നു. ശശി ഈ സമയം വീട്ടിലില്ലായിരുന്നു. ഇരിട്ടിയില്‍ സിപിഐഎം പ്രവര്‍ത്തകനു വെട്ടേറ്റു. പെരുമ്പറമ്പിലെ വി.കെ.വിശാഖിനാണ് (28 ) വെട്ടേറ്റത്. വിശാഖിനെ ആശുപത്രിയിലേക്കു മാറ്റി.

ഷംസീറിന്റെ വീടിനു നേരെയുണ്ടായ ബോംബേറ് അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്നു ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു. വീടിനു നേരെ നടന്ന ബോംബാക്രമണത്തിനു പിന്നില്‍ ആര്‍എസ്എസ് ആണെന്ന് ഷംസീര്‍ ആരോപിച്ചു. കേരളത്തില്‍ ആസൂത്രിതമായി കലാപം ഉണ്ടാക്കാന്‍ ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.

തലശ്ശേരിയിലെ ചെറിയ കേന്ദ്രത്തില്‍ മാത്രമാണു സംഘര്‍ഷം. ഇത് പരിഹരിക്കാന്‍ തന്‍റെ കൂടി മുന്‍കയ്യിലാണ് എസ്പിയുടെ അധ്യക്ഷതയില്‍ സിപിഎം ആര്‍എസ്എസ് നേതൃത്വങ്ങളുമായി സമാധാന ചര്‍ച്ച നടത്തിയത്. ഈ ചര്‍ച്ച നടന്നുകൊണ്ടിരിക്കെയാണു വീട്ടിലേക്കു ബോംബെറിഞ്ഞതെന്നും ഷംസീര്‍ പറഞ്ഞു.

അതേസമയം ബിജെപി എംപി വി.മുരളീധരന്റെ തലശേരിയിലെ തറവാട് വീടിനു നേരെയും ബോംബേറുണ്ടായി. എരഞ്ഞോളി വാടിയില്‍ പീടികയിലെ വീട്ടിന് നേരെയാണ് ബോംബേറുണ്ടായത്. അക്രമം നടക്കുമ്പോള്‍ എംപിയുടെ പെങ്ങളും ഭര്‍ത്താവും ആണ് വീട്ടിലുണ്ടായിരുന്നത്. ഷംസീറിന്റെയും പി.ശശിയുടെയും വീടിന് നേരെ ബോംബേറുണ്ടായതിന് പിന്നാലെയാണ് മുരളീധരന്റെ വീടും ആക്രമിക്കപ്പെട്ടത്.

കഴിഞ്ഞ ദിവസമുണ്ടായ ഹര്‍ത്താല്‍ മുതല്‍ വ്യാപകമായി തലശേരിയില്‍ സിപിഐഎം-ബിജെപി നേതാക്കളുടെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ബിജെപിയുടെ ജില്ലാ സെക്രട്ടറി എ.എന്‍ ഹരിദാസിന്‍റെ വീടിന് നേരെയും ആക്രമണമുണ്ടായി.