)
തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മെച്ചപ്പെട്ടു. വിഎസിന്റെ പഴ്സനൽ സ്റ്റാഫ് അംഗമായിരുന്ന വി കെ ശശിധരനാണ് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചത്. മെഡിക്കൽ ഉപകരണങ്ങളുടെ സഹായമില്ലാതെ വി എസ് സ്വയം ശ്വസിച്ചു തുടങ്ങിയതായി അദ്ദേഹം കുറിച്ചു. വെന്റിലേറ്ററിന്റെ സഹായം ഇപ്പോൾ ആവശ്യമായി വരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പോസ്റ്റിന്റെ പൂർണരൂപം:
‘‘ഒരു കാലഘട്ടം അതിന്റെ അവസാന ഘട്ടത്തിലാണ്. സിപിഎം എന്ന രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപകനേതാക്കളിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഏക മനുഷ്യൻ ഇപ്പോഴും പൊരുതിക്കൊണ്ടിരിക്കുകയാണ്. പത്തിരുപത്തഞ്ച് വർഷം ആ മനീഷിയുടെ കൈവിരൽത്തുമ്പിൽ തൊട്ടു നടന്നതിന്റെ കനം എവിടെയൊക്കെയോ തൂങ്ങി നിൽക്കുമ്പോൾ നാട്ടിലെത്തുക എന്നത് ഇതുവരെ ചിന്തിച്ചു തുടങ്ങിയിരുന്നില്ല. ഒരുപക്ഷെ, നാളെ മുതൽ അദ്ദേഹം സ്വയം ശ്വസിച്ചു തുടങ്ങാനിടയുണ്ട് എന്ന് അന്ന് വൈകുന്നേരം ഡോക്ടർമാർ പറഞ്ഞപ്പോൾ ആശുപത്രി മുറ്റത്ത് തടിച്ചുകൂടിയ ഒരുപിടി ആളുകളുടെ മുഖത്ത് കണ്ട പ്രതീക്ഷയോടൊപ്പം ഞാനും ആശുപത്രി മുറ്റത്ത് തുടരുകയായിരുന്നു. ഓരോ ദിവസവും പൊരുതി മുന്നേറിയ വിഎസ് ഇന്ന് മിനിറ്റിൽ 24 തവണ സ്വയം ശ്വസിക്കാനും വെന്റിലേറ്ററില്ലാതെ സ്പന്ദിക്കാനും തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ മാസം 23ന് തിരുവനന്തപുരത്തേക്ക് വണ്ടി കയറിയതാണ്. ഇപ്പോൾ രാജധാനിയിൽ തിരിച്ച് നാട്ടിലേക്ക് പുറപ്പെടുന്നു. ഒരാഴ്ച്ചയ്ക്കകം തിരിച്ച് ചെന്ന് ആ കൈവിരൽ തൊടാമെന്ന് പ്രതീക്ഷിക്കുന്നു’’.
അതേസമയം, മകൻ അരുൺകുമാറും വിഎസിന്റെ ആരോഗ്യനിലയെ കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചു. ഹൃദയമിടിപ്പും ശ്വാസവും സാധാരണ നിലയിലേക്ക് എത്തുന്നുവെന്നും മകൻ കുറിച്ചു.
കുറിപ്പിന്റെ പൂർണ്ണരൂപം: അച്ഛന്റെ ആരോഗ്യനില പതുക്കെ മെച്ചപെട്ടുവരുകയാണ്. ഹൃദയമിടിപ്പും ശ്വാസവുമൊക്കെ സാധാരണ നിലയിലേക്കെത്തുകയാണ്. ഇന്നത്തെ ഡയാലിസിസിലൂടെ ആരോഗ്യം കൂടുതൽ മെച്ചമാവുമെന്ന പ്രതീക്ഷയാണ് ഡോക്ടർമാർ പങ്കുവെച്ചത്. അച്ഛനെ നെഞ്ചേറ്റി കാത്തിരിക്കുന്നവർക്കൊപ്പം ഞങ്ങളും വലിയ വിശ്വാസത്തിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.