)
കേരളത്തിന്റെ സമരവീര്യം... കണ്ണേ കരളേ വിഎസേയെന്ന് ജനങ്ങൾ നെഞ്ചേറ്റിയ നേതാവ്... കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തലമുതിർന്ന നേതാവ്.. കേരളത്തിന്റെ മുഖ്യമന്ത്രിയായി, ജനങ്ങളുടെ മനസിലെ വിഎസ് ആയ ചരിത്ര മനുഷ്യൻ.... സമരപോരാട്ടങ്ങളുടെ കനൽവഴികൾ താണ്ടിയ രാഷ്ട്രീയ ജീവിതം...
കനൽവഴികൾ താണ്ടി ജീവിതം ഒരു പോരാട്ടം തന്നെയാക്കിയ വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ. 1923 ഒക്ടോബർ 20ന് ശങ്കരന്റെയും അക്കാമ്മയുടെയും മകനായി തിരുവിതാംകൂറിലെ ആലപ്പുഴയിലെ (ഇന്നത്തെ കേരള സംസ്ഥാനത്തിന്റെ ഭാഗം) പുന്നപ്രയിൽ ആയിരുന്നു വിഎസ് അച്യുതാനന്ദന്റെ ജനനം.
നാല് വയസ്സുള്ളപ്പോൾ വസൂരി രോഗം ബാധിച്ച് അമ്മയെ നഷ്ടപ്പെട്ട വിഎസിന് 11 വയസ്സുള്ളപ്പോൾ പിതാവിനെയും നഷ്ടപ്പെട്ടു. പഠനം ഏഴാം ക്ലാസ്, തയ്യൽക്കടയിൽ തന്റെ ജ്യേഷ്ഠനെ സഹായിച്ചുകൊണ്ട് ജീവിതത്തോട് പൊരുത്തുടങ്ങി. പിന്നീട് ഒരു കയർ ഫാക്ടറിയിൽ ജോലിക്ക് ചേർന്നു. ജീവിതം അതിജീവനത്തിന്റെയും പോരാട്ടങ്ങളുടേയും കനലിലൂടെ സഞ്ചരിച്ചു.
വ്യക്തിജീവിതത്തിലെ പ്രതിസന്ധികളെയും കഷ്ടപ്പാടുകളെയും നെഞ്ചുറപ്പോടെ നേരിട്ട് ജനങ്ങളുടെ പ്രിയ നേതാവായി വളർന്ന വ്യക്തിത്വം. ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. 82-ാം വയസിൽ കേരളത്തിന്റെ മുഖ്യമന്ത്രി. 2006 മുതൽ 2011 വരെ കേരളത്തിന്റെ മുഖ്യമന്ത്രിയായ വിഎസ് മുഖ്യമന്ത്രിയായ ഏറ്റവും പ്രായം കൂടിയ വ്യക്തിയായി.
മൂന്ന് തവണ പ്രതിപക്ഷ നേതാവായി. 1967ൽ ഇഎംഎസ് സർക്കാർ പാസാക്കിയ ഭൂപരിഷ്കരണ നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 1970ൽ ആലപ്പുഴ പ്രഖ്യാപനം തുടങ്ങി കേരളത്തിലെ ഭൂസമരങ്ങളുടെ മുൻനിരയിൽ നിന്ന നേതാവ്. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾക്കായി നിലകൊണ്ടുള്ളതായിരുന്നു. ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം.
1938-ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്നു. 1940-ൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) അംഗമായി.1957-ൽ സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്നു വിഎസ്. സിപിഐ ദേശീയ കൗൺസിൽ വിട്ട് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) രൂപീകരിച്ച 32 അംഗങ്ങളിൽ ജീവിച്ചിരിക്കുന്ന ഏക വ്യക്തി.
കണ്ണേ കരളേ വിഎസേ എന്ന മുദ്രാവാക്യം ജനങ്ങളുടെ മനസിലെ അദ്ദേഹത്തിന്റെ സ്ഥാനം വ്യക്തമാക്കുന്നു. അദ്ദേഹം അവസാനമായി നിർവഹിച്ച ഔദ്യോഗിക പദവി ഭരണ പരിഷ്ക്കാര കമ്മീഷൻ അധ്യക്ഷന്റെതാണ്. 2019 ലാണ് ഇദ്ദേഹം അവസാനമായി ഒരു പൊതു പരിപാടിയിൽ പങ്കെടുത്തത്.
അന്ന് പുന്നപ്ര വയലാർ രക്തസാക്ഷിത്വ ദിനാചരണത്തിൽ വിഎസ് പങ്കെടുത്തിരുന്നു, എന്നാൽ അതിന് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ അദ്ദേഹത്തെആരോഗ്യ വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അതിന് ശേഷം പൂർണ വിശ്രമത്തിലായിരുന്നു അദ്ദേഹം. കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ അദ്ദേഹം സന്ദർശകരെയും അനുവദിക്കാറില്ലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല് സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.