ബിജെപിയുടെ നീതി രക്ഷാ മാര്‍ച്ചിന് ഇന്ന് തുടക്കം..

വാളയാറിലെ പെൺകുട്ടികളുടെ മരണത്തിൽ പ്രതിഷേധം ശക്തമാക്കി ബിജെപി.

Last Updated : Nov 6, 2019, 12:26 PM IST
ബിജെപിയുടെ നീതി രക്ഷാ മാര്‍ച്ചിന് ഇന്ന് തുടക്കം..

പാലക്കാട്: വാളയാറിലെ പെൺകുട്ടികളുടെ മരണത്തിൽ പ്രതിഷേധം ശക്തമാക്കി ബിജെപി.

കേസിൽ പുനരന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ നയിക്കുന്ന നീതി രക്ഷാ മാർച്ച് ഇന്ന് പാലക്കാട് ആരംഭിക്കും. അട്ടപ്പള്ളത്ത് നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് വ്യാഴാഴ്ച പുതുശേരിയിൽ നടക്കുന്ന പൊതുസമ്മേളനത്തോടെ സമാപിക്കും.

വാളയാറിലെ ദളിത് പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ പ്രതികളെ വെറുതേ വിട്ടതോടെയാണ് രാജ്യത്തിന്‍റെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ശക്തമായത്. കേസിലെ അഞ്ച് പ്രതികളിൽ നാലുപേരെയും പാലക്കാട് പോക്സോ കോടതിയാണ് തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടത്. 

അതേസമയം, പോലീസ് അന്വേഷണത്തിലെ വീഴ്ചയാണ് പ്രതികള്‍ക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതെന്ന് പെൺകുട്ടികളുടെ അമ്മ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം പെൺകുട്ടികളുടെ അമ്മ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേസിൽ സിബിഐ അന്വേഷണം നടത്തണമെന്നും അവര്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.

അതേസമയം, വാളയാര്‍ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്നലെ പാലക്കാട് ജില്ലയിൽ യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. പെൺകുട്ടികളുടെ മരണത്തിൽ പുനരന്വേഷണം പ്രഖ്യാപിക്കും വരെ സമരം ചെയ്യുമെന്ന നിലപാടിലാണ് യുഡിഎഫ്. കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നേതൃത്വത്തിൽ ഏകദിന ഉപവാസവും സംഘടിപ്പിച്ചിരുന്നു. 

വിഷയം നിയമസഭയിലും ശക്തമായി ഉന്നയിക്കപ്പെടുന്നുണ്ട്. കേസ് അട്ടിമറിക്കപ്പെട്ടതാണെന്നും അതിന് തെളിവുകള്‍ ഉണ്ടെന്നുമാണ് പ്രതിപക്ഷത്തിന്‍റെ വാദം.

Trending News