ജലനിരപ്പ്‌ കുറയുന്നു; ജാഗ്രതാ നിര്‍ദ്ദേശം തുടരും

വൈകിട്ട് ആറുമണിവരെയുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2401.70 അടിയാണ് ഡാമിലെ ജലനിരപ്പ്. ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളം സെക്കന്റില്‍ 5.76 ലക്ഷം ലിറ്ററായും കുറഞ്ഞിട്ടുണ്ട്.

Updated: Aug 10, 2018, 07:57 PM IST
ജലനിരപ്പ്‌ കുറയുന്നു; ജാഗ്രതാ നിര്‍ദ്ദേശം തുടരും

ആലുവ/ ചെറുതോണി: കനത്തമഴയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ അഞ്ച് ഷട്ടറുകളും തുറന്ന് വെള്ളം ഒഴുക്കിയതോടെ ഡാമിലെ ജലനിരപ്പില്‍ നേരിയ കുറവ്.

ഡാമിലേക്കുള്ള നീരൊഴുക്കിന്‍റെ അളവും കുറഞ്ഞിട്ടുണ്ട്. ഒരു മണിക്കൂറിനുള്ളില്‍ ജലനിരപ്പില്‍ 0.06 അടിയുടെ കുറവാണുണ്ടായിരിക്കുന്നത്.

വൈകിട്ട് ആറുമണിവരെയുള്ള റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 2401.70 അടിയാണ് ഡാമിലെ ജലനിരപ്പ്. ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളം സെക്കന്റില്‍ 5.76 ലക്ഷം ലിറ്ററായും കുറഞ്ഞിട്ടുണ്ട്. 

നേരത്തെ സെക്കന്റില്‍ ഒമ്പത് ലക്ഷം ലിറ്റര്‍ എന്ന തോതിലായിരുന്നു. നീരൊഴുക്കില്‍ വന്ന വ്യത്യാസം ആശങ്കയകറ്റുന്നതാണെന്നാണ് വിലയിരുത്തല്‍.

അതേസമയം പെരിയാറിന്‍റെ തീരങ്ങളിലുള്ളവര്‍ക്ക് അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചെറുതോണിയില്‍ തീരത്തുള്ളവരെ ഒഴിപ്പിച്ചു. ചെറുതോണി പാലം വെള്ളത്തില്‍ മുങ്ങി. ടൗണിലും ബസ് സ്റ്റാന്‍ഡിലും വെള്ളം കയറി. കട്ടപ്പനയിലേക്കുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

ഓപറേഷന്‍ 'സഹയോഗ്'

കേരളത്തില്‍ ദുരന്തം വിതച്ച പ്രളയക്കെടുതിയില്‍ സൈന്യം നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഓപറേഷന്‍ 'സഹയോഗ്'. ദുരിതബാധിതമേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി വിവിധ സേനാവിഭാഗങ്ങള്‍ സജീവമായി രംഗത്തുണ്ട്. 

കരസേനാ വിഭാഗമായ മദ്രാസ് എഞ്ചിനീയറിങ് ഗ്രൂപ്പ്, തീരദേശ സേനയുടെ ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ടീം, ദേശീയ ദുരന്ത നിവാരണ സേന, നാവികസേന തുടങ്ങിയ വിഭാഗങ്ങളെ വിവിധ ദുരിതബാധിത പ്രദേശങ്ങളില്‍ വിന്യസിച്ചു. 

ഇത് കൂടാതെ പാലം, റോഡ് തുടങ്ങിയവ തകരുമ്പോള്‍ ഉടനടി ഗതാഗതം പുന:സ്ഥാപിക്കുന്ന കരസേനാ വിഭാഗമായ മദ്രാസ് എഞ്ചിനീയറിങ് ഗ്രൂപ്പിനെ പറവൂര്‍ താലൂക്കിലെ ചേന്ദമംഗലത്താണ് നിയോഗിച്ചിട്ടുള്ളത്.