വീണ്ടും നന്മ മരം !ലോക കേരള സഭയുടെ ഭക്ഷണത്തിന്‌ പണം വേണ്ടെന്ന് രവിപിള്ള

ലോക കേരള സഭയുടെ ഭക്ഷണത്തിന്‍റെ ചെലവുമായി ബന്ധപെട്ടുള്ള വിവാദങ്ങളില്‍ ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ ബി. രവിപിള്ള പ്രതികരണവുമായി രംഗത്ത്.വിവാദം അനാവശ്യമാണെന്ന് പ്രതികരിച്ച രവിപിള്ള പ്രവാസികളുടെ ക്ഷേമത്തിനായി രൂപം കൊള്ളുകയും പ്രവര്‍ത്തിക്കുന്നതുമായ ലോക കേരള സഭയില്‍ താനും അംഗമാണെന്നും അവിടെയെത്തിയ ഓരോ പ്രവാസി പ്രതിനിധിയും സഹോദരി സഹോദരന്മാരാണ്.

Updated: Feb 19, 2020, 05:21 PM IST
വീണ്ടും നന്മ മരം !ലോക കേരള സഭയുടെ ഭക്ഷണത്തിന്‌ പണം വേണ്ടെന്ന് രവിപിള്ള

തിരുവനന്തപുരം:ലോക കേരള സഭയുടെ ഭക്ഷണത്തിന്‍റെ ചെലവുമായി ബന്ധപെട്ടുള്ള വിവാദങ്ങളില്‍ ആര്‍പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ ബി. രവിപിള്ള പ്രതികരണവുമായി രംഗത്ത്.വിവാദം അനാവശ്യമാണെന്ന് പ്രതികരിച്ച രവിപിള്ള പ്രവാസികളുടെ ക്ഷേമത്തിനായി രൂപം കൊള്ളുകയും പ്രവര്‍ത്തിക്കുന്നതുമായ ലോക കേരള സഭയില്‍ താനും അംഗമാണെന്നും അവിടെയെത്തിയ ഓരോ പ്രവാസി പ്രതിനിധിയും സഹോദരി സഹോദരന്മാരാണ്.

സ്വന്തം കുടുംബത്തില്‍ വന്ന് ഭക്ഷണം കഴിക്കുമ്പോള്‍ പണം ഈടാക്കുന്ന സംസ്ക്കാരം തങ്ങള്‍ക്കില്ലെന്നും രവിപിള്ള വാര്‍ത്താ കുറുപ്പില്‍ വ്യക്തമാക്കി. ഇപ്പോള്‍ വന്നിരിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അനാവശ്യമാണെന്നും രവിപിള്ള ചൂണ്ടിക്കാട്ടി.പരിപാടിയുടെ നടത്തിപ്പിനായി ഉണ്ടാക്കിയ  ഉണ്ടാക്കിയ ഭക്ഷണത്തിന്റെ മെനുവും സാധാരണ രീതിയില്‍ റാവിസ് കോവളം ഈടാക്കുന്ന സേവന വില വിവരവുമാണ് സംഘാടകര്‍ക്ക് നല്‍കിയിരുന്നത്.

പ്രസ്തുത വിവരം ലോക കേരള സഭയുടെ ബന്ധപെട്ട കമ്മറ്റിയുടെ മുന്‍പില്‍ വെച്ചിട്ടുണ്ടാകാം അദ്ദേഹം വിശദീകരിക്കുന്നു .റാവിസ് ഹോട്ടല്‍ അധികൃതരുമായി ബന്ധപെട്ടെങ്കില്‍ വിവാദം ഒഴിവാക്കാമായിരുന്നെന്നും രവിപിള്ള പറയുന്നു. റാവിസ് അവരുടെ ബിസിനസ് നിബന്ധന അനുസരിച്ചാണെങ്കില്‍ ഏത് പരിപാടിക്കും ഒരു അഡ്വാന്‍സ് തുക കൈപ്പറ്റുകയും പരിപാടിക്ക് കഴിഞ്ഞ് ദിവസങ്ങള്‍ക്കകം തന്നെ ബാക്കിയുള്ള തുകയ്ക്കായുള്ള നടപടികളും കൈക്കൊള്ളാറുണ്ട്.എന്നാല്‍ ലോക കേരള സഭ കഴിഞ്ഞ് ഇത്രയും നാളുകള്‍ക്കു ശേഷവും റാവിസ് ലോക കേരള സഭാ സംഘാടകരോട് തുക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. 

ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്ന തുകയുടെ ഒരു ഇടപാടുംനടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.ഇത്തരത്തില്‍ ഒരു അനാവശ്യ വിവാദം ഉണ്ടായ സാഹചര്യത്തില്‍ ഈ ഇനത്തില്‍ യാതൊരു തുകയും ഈടാക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല എന്ന കാര്യം ഒരിക്കല്‍ കൂടി  വ്യക്തമാക്കുന്നതായും രവിപിള്ള കൂട്ടിച്ചേര്‍ക്കുന്നു.അതേസമയം ലോക കേരള സഭയുമായി ബന്ധപെട്ട് ഉണ്ടായ വിവാദത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിരോധത്തിലായിരുന്നു.ഇതിന് പിന്നാലെയാണ് ഇപ്പോള്‍ രവിപിള്ള നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.നേരത്തെ പ്രതിപക്ഷം ലോക കേരള സഭയ്ക്കെതിരെ രംഗത്ത് വന്നിരുന്നു.യുഡിഎഫ്  ലോക കേരള സഭ യില്‍ നിന്നും വിട്ടുനിന്നിരുന്നു.കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ലോക കേരള സഭയെ ഭൂലോക തട്ടിപ്പെന്നാണ് വിശേഷിപ്പിച്ചത്‌.