''ഭീകരവാദികൾ എന്തോ ചോദിക്കുന്നുണ്ടായിരുന്നു, എന്നിട്ടാണ് എല്ലാവരെയും ഷൂട്ട് ചെയ്തത്. ഞങ്ങളുടെ അടുത്തെത്തിയപ്പോൾ കലിമ എന്നോ മറ്റോ രണ്ട് തവണ പറഞ്ഞു, തങ്ങൽക്കറിയില്ല എന്ന് പറഞ്ഞതോടെ അച്ഛനെ വെടിവച്ചു.'' ഇടപ്പള്ളി സ്വദേശി രാമചന്ദ്രൻ കൊല്ലപ്പെട്ടതിന് ദൃക്സാക്ഷിയായ മകൾ ആരതിയുടെ വാക്കുകളാണിത്. എന്താണ് കലിമ? തീവ്രവാദികൾ ചൊല്ലാൻ പറഞ്ഞത് മതവുമായി ബന്ധപ്പെട്ട സൂക്തമാണോ?
ഏപ്രിൽ 22ന് ആണ് രാജ്യത്തിന്റെ ആത്മാവിൽ മുറിവേൽപ്പിച്ച് നിരായുധരായ വിനോദ സഞ്ചാരികൾക്ക് നേരെ ജമ്മുകശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണമുണ്ടായത്. പഹൽഗാമിലെ പുൽമേടുകൾ ചോരയിൽ കുതിർന്ന കറുത്ത ദിവസം. ആയുധ ധാരികളായ തീവ്രവാദികൾ കലിമ ചൊല്ലാൻ ആവശ്യപ്പെട്ടുവെന്നും അത് ചെയ്യാത്തവരെ വെടിവെച്ച് കൊന്നുവെന്നുമാണ് ജീവിച്ചിരിക്കുന്നവരുടെ വാക്കുകളിൽ നിന്ന് അറിയാനാകുന്നത്. എന്താണ് കലിമയെന്ന് അറിയാം.
അല്ലാഹുവല്ലാതെ മറ്റൊരു ദൈവമില്ലെന്നും മുഹമ്മദ് നബി അല്ലാഹുവിന്റെ ദൂതനാണെന്നും വ്യക്തമാക്കുന്ന ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുർ റസൂലുല്ലാഹ് എന്ന വാക്കുകൾ മുസ്ലിം മതത്തിൽ പരിശുദ്ധമായ വാക്കുകളാണ്. ഇത് ഒരു മതവിശ്വാസിയുടെ വിശ്വാസ പ്രഖ്യാപനമാണ്. നവജാത ശിശുവിന്റെ ചെവിയിൽ കലിമ മന്ത്രിക്കുകയും ദിവസേന അഞ്ച് നേരമുള്ള നിസ്കാരത്തിൽ ഇത് ആവർത്തിക്കുകയും മരണ സമയത്ത് വിശ്വാസിയായ ഒരാളുടെ ചുണ്ടിൽ ഉണ്ടാകണമെന്ന് പ്രതീക്ഷിക്കപ്പെടുന്നതുമായ വാക്കാണിത്. അറബി പദമായ കലിമ എന്ന വാക്കിന്റെ അർഥം പ്രസ്താവന എന്നാണ്.
ആദ്യ കലിമ ശുദ്ധിയാണ്. ഇത് തയ്യിബ് എന്നാണ് അറിയപ്പെടുന്നത്. ഇത് അല്ലാഹുവിന്റെ ഏകത്വത്തെയും മുഹമ്മദ് നബിയുടെ പ്രവാചകത്വത്തിന്റെയും പ്രഖ്യാപനമാണ്.
രണ്ടാം കലിമ ഷഹാദയാണ്. ഇത് സാക്ഷ്യമാണ്. ഈ കൽമ പലപ്പോഴും നിസ്കാര സമയത്തോ ഒരാൾ ഇസ്ലാം മതം സ്വീകരിക്കുമ്പോഴോ ചൊല്ലാറുണ്ട്.
മൂന്നാം കലിമ തംജീദ് ആണ്. ഇത് അല്ലാഹുവിന്റെ മഹത്വവത്കരണമാണ്. അല്ലാഹുവിന്റെ കാരുണ്യത്തോടുള്ള നന്ദി പ്രകടിപ്പിക്കുന്നതും അല്ലാഹുവിന്റെ പരമാധികാരത്തെ അംഗീകരിക്കുകയും ചെയ്യുന്നതാണിത്.
നാലാം കലിമ തൗഹീദ് ആണ്. ഇത് ഐക്യമാണ്. ഇത് അല്ലാഹുവിന്റെ ഏകത്വത്തിലുള്ള പ്രഖ്യാപനമാണ്. ഇസ്ലാമിക വിശ്വാസമായ ഏകദൈവ വിശ്വാസത്തെ ഇത് ഊട്ടിയുറപ്പിക്കുന്നു.
അഞ്ചാം കലിമ അസ്തഗ്ഫാർ ആണ്. തപസ് എന്നാണ് ഇത് അർഥമാക്കുന്നത്. ചെയ്ത പാപങ്ങൾക്ക് മാപ്പ് ചോദിച്ച് പശ്ചാത്താപത്തോടെ അല്ലാഹുവിലേക്ക് മടങ്ങുന്നതിനുള്ള മാർഗമാണിത്.
ആറാമത്തെ കലിമ റദ്ദേ കുഫ്‍ർ ആണ്. അവിശ്വാസത്തെ നിരസിക്കുന്നതാണിത്. ഒരു മുസ്ലിം വിശ്വാസി ബഹുദൈവാരാധന ഉപേക്ഷിച്ച് ഏക സത്യദൈവമായ അല്ലാഹുവിനോട് കൂറ് പ്രഖ്യാപിക്കുന്ന കൽമയാണിത്.
വിശ്വാസത്തിന്റെ കാതലായ പാഠങ്ങളുടെ സംഗ്രഹമാണ് കലിമ. കലിമയ്ക്ക് മുസ്ലിം മതത്തിൽ വലിയ പ്രധാന്യമാണ് നൽകുന്നത്. അല്ലാഹുവിനോടുള്ള നന്ദി അർപ്പിക്കുന്നതിനും പാപ മോചനത്തിനും ബഹുദൈവ വിശ്വാസത്തിൽ നിന്നുള്ള സംരക്ഷണത്തിനും വേണ്ടിയുള്ള പ്രാർഥനകളാണ് കലിമകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.









