ശശി തരൂരിന് പുതിയ എതിരാളി?

അതേ, ശ്രീശാന്ത് അത് തീരുമാനിച്ചു കഴിഞ്ഞു... തിരുവനന്തപുരത്ത് മത്സരിക്കണം.. ശശി തരൂരിനെ തോല്‍പ്പിക്കണം..!!

Sheeba George | Updated: Sep 29, 2019, 02:10 PM IST
ശശി തരൂരിന് പുതിയ എതിരാളി?

തിരുവനന്തപുരം: അതേ, ശ്രീശാന്ത് അത് തീരുമാനിച്ചു കഴിഞ്ഞു... തിരുവനന്തപുരത്ത് മത്സരിക്കണം.. ശശി തരൂരിനെ തോല്‍പ്പിക്കണം..!!

2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വേണ്ടി മത്സരിക്കുമെന്ന് മുന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത്!! 
തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് കോണ്‍ഗ്രസിന്‍റെ ശശി തരൂരിനെ പരാജയപ്പെടുത്തുമെന്നും ശ്രീശാന്ത് പറഞ്ഞു. രാജ്യത്തെ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രീശാന്തിന്‍റെ ഈ പരാമര്‍ശം.

‘ഞാന്‍ ശശി തരൂരിന്‍റെ വലിയ ആരാധകനാണ്. ഒരു വ്യക്തിയെന്ന നിലയില്‍ അദ്ദേഹം എനിക്ക് വേണ്ടി സംസാരിച്ചിട്ടുമുണ്ട്. പക്ഷെ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ഞാന്‍ അദ്ദേഹത്തെ തോല്‍പ്പിക്കും. അതില്‍ ഒരു സംശയവും വേണ്ട' ശ്രീശാന്ത് പറഞ്ഞു. 

ഒത്തുകളി വിവാദത്തെ തുടര്‍ന്ന് തനിക്ക് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ അക്കാര്യം പാര്‍ലമെന്‍റില്‍ ഉന്നയിക്കുകയും വിലക്ക് നീക്കണമെന്ന് ബിസിസിഐയോട് ആവശ്യപ്പെടുകയും ചെയ്തത് തരൂരാണെന്ന് നേരത്തേ ശ്രീശാന്ത് പറഞ്ഞിരുന്നു. വിലക്ക് നീക്കിയ ശേഷം അതിന് നന്ദി അറിയിക്കാന്‍ ശ്രീശാന്ത് തരൂരിനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. എം.പി എന്ന നിലയിലും വ്യക്തിയെന്ന നിലയിലും താന്‍ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നയാളാണ് തരൂരെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു.

മുന്‍പ്, ബിജെപിയുമായി ഒരു ബന്ധവുമുണ്ടാകില്ലെന്ന് ശ്രീശാന്ത് പറഞ്ഞിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ശശി തരൂരിനോടായിരുന്നു ശ്രീശാന്ത് ഇപ്രകാരം പറഞ്ഞത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രീശാന്ത് തിരുവനന്തപുരത്ത് മത്സരിച്ചിരുന്നു. മുന്‍ ആരോഗ്യമന്ത്രി വി എസ് ശിവകുമാറായിരുന്നു മുഖ്യ എതിരാളി. 11,747 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വി എസ് ശിവകുമാര്‍ വിജയിച്ചിരുന്നു.  

ശ്രീശാന്തിന്‍റെ സ്ഥാനാര്‍ഥിത്വം ഏറെ ചര്‍ച്ച ചെയ്യപ്പെട്ട തിരഞ്ഞെടുപ്പായിരുന്നു അത്. 

ഐപിഎല്ലില്‍ ഒത്തുകളിയാരോപിച്ച് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇത് പ്രകാരം 2020 സെപ്റ്റംബര്‍ മുതല്‍ ശ്രീശാന്തിന് കളിക്കളത്തിലിറങ്ങാം.

കളിക്കളത്തിലും രാഷ്ട്രീയത്തിലും ഒരേപോലെ തിളങ്ങാനാണ് ഇനി ശ്രീശാന്തിന്‍റെ ശ്രമം!!